ദില്ലിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ആദ്യ ഘട്ടത്തിൽ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഇടുങ്ങിയ തെരുവിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ആദ്യ ഘട്ടത്തിൽ ദുഷ്കരമായിരുന്നു. അഞ്ച് നിലകളുള്ള കെട്ടിടത്തിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.
ആളിക്കത്തുന്ന തീയിൽ നിന്നും പുകയിൽ നിന്നും രക്ഷപ്പെടാനായി ചിലർ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി. പ്രാദേശികവാസികൾ നൽകുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലിൽ അപകടം നടക്കുമ്പോൾ നിരവധി താമസക്കാരുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു. രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഇതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ഹോട്ടലിന്‍റെ താഴത്തെ നിലയിൽ ഒരു റെസ്റ്റോറന്‍റും പ്രവർത്തിക്കുന്നുണ്ട്.
No comments