Breaking News

കല്യോട്ട് ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്


കാസർകോട്: പരോൾ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ റീൽ ഷൂട്ട്. ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്. നിലവിൽ പരോളിലാണ് അശ്വിൻ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു പരോൾ വ്യവസ്ഥയിലൊന്ന്. പെരിയ ഇരട്ടക്കൊലപാതക കേസിൽ കൂട്ട പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരോൾ വ്യവസ്ഥയുടെ ലംഘനം.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഏഴാം പ്രതി അശ്വിൻ ഇപ്പോൾ പരോളിലാണ്. ഇതിനിടയിലാണ് ഇയാൾ റീൽ ഷൂട്ട് ചെയ്ത് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്തത്. ഹീറോ പരിവേഷത്തോടെ മീശ പിരിക്കുന്നതും സിഗരറ്റ് വലിച്ച് പുക ഊതി വിടുന്നതുമെല്ലാമാണ് റീലിൽ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നാണ് പരോൾ വ്യവസ്ഥ. ഇതാണ് ബേഡകം കുണ്ടംകുഴി സ്വദേശിയായ അശ്വിൻ ലംഘിച്ചിരിക്കുന്നത്. റീൽ ഷൂട്ട് വാർത്തയായതോടെ ഇയാൾ ഇൻസ്റ്റഗ്രാമിൽ നിന്ന് വീഡിയോ നീക്കിയിട്ടുണ്ട്.

പെരിയ ഇരട്ട കൊലക്കേസിൽ ജയിലിലുള്ള പത്ത് പ്രതികൾക്കും പരോൾ ലഭിക്കുന്നതിനുള്ള നടപടികൾ എല്‍ഡിഎഫ് സർക്കാർ മാറുന്നതിന് മുമ്പ് പൂർത്തിയാക്കിയിരുന്നു. ഇതിൽ അശ്വിൻ അടക്കം ആറ് പ്രതികൾ പുറത്തിറങ്ങുകയും ചെയ്തു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് കൂട്ട പരോൾ അനുവദിച്ചത് എന്ന് വിമർശനമുയരുകയും വാർത്തയാവുകയും ചെയ്തതോടെ നാല് പ്രതികളുടെ പുറത്തിറങ്ങൾ അധികൃതർ തൽക്കാലത്തേക്ക് തടഞ്ഞിരിക്കുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ അന്വേഷണത്തിന് ശേഷമേ ഇവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.അശ്വിൻ പരോൾ വ്യവസ്ഥ ലംഘിച്ചതിനാൽ ജയിൽ അധികൃതർ നടപടി എടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

No comments