നവീകരണ പ്രവൃത്തി മുടങ്ങിയ നീലേശ്വരം - ഇടത്തോട് റോഡിൽ പലയിടത്തും റോഡ് തകർന്ന് യാത്ര ദുസ്സഹം
നീലേശ്വരം : കരാറുകാരന്റെ അനാസ്ഥയിൽ വർഷങ്ങളായി നവീകരണ പ്രവൃത്തി മുടങ്ങിയ നീലേശ്വരം - ഇടത്തോട് റോഡിൽ പലയിടത്തും റോഡ് തകർന്ന് യാത്ര ദുസ്സഹം. നീലേശ്വരം കോൺവെന്റ് ജങ്ഷൻ മുതൽ പുത്തരിയടുക്കം വരെയാണ് കൂടുതൽ തകർന്നത്. കോൺവെന്റ് ജങ്ഷൻ മുതൽ സെന്റ് പീറ്റേഴ്സ് സ്കൂൾ വരെ, താലൂക്ക് ആശുപത്രി പരിസരം, പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയം പരിസരം, ഗോഡൗൺ പരിസരം, ചോയ്യങ്കോട് ഏതാനും ഭാഗം എന്നിവിടങ്ങളിൽ റോഡ് തകർന്ന് ഗതാഗതം പ്രയാസത്തിലാണ്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് അധികൃതർ പല സാങ്കേതിക തടസ്സം പറയുമ്പോഴും ദുരിതമനുഭവിക്കുന്നത് യാത്രക്കാരാണ്. റോഡ് പൊട്ടിപൊളിഞ്ഞത് ഏറെയും ബാധിക്കുന്നത് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കാണ്. മഴ വന്ന് കുഴികൾ നിറയുമ്പോൾ റോഡ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. ശക്തമായ മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയും ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഈ വഴിയുള്ള യാത്ര പലരും ഒഴിവാക്കുകയാണ്. നീലേശ്വരത്തെ വ്യാപാര മേഖലയെയും ഇത് പ്രതികൂലാമയി ബാധിക്കുന്നുണ്ട്. 2019 ലാണ് റോഡ് മെക്കാഡം ചെയ്യാനുള്ള നിർമാണ പ്രവൃത്തി തുടങ്ങിയത്. പല കാരണങ്ങൾ കൊണ്ടും ഇഴഞ്ഞും മുടങ്ങിയും നീങ്ങിയ റോഡ് പ്രവൃത്തി ഒടുവിൽ 90 ശതമാനം പൂർത്തിയായെങ്കിലും ഇടക്ക് വച്ച് നിർമാണം നിർത്തി കരാറുകാരൻ മുങ്ങി. ഇതോടെ പുത്തരിയടുക്കം മുതൽ കോൺവെന്റ് ജങ്ഷൻ വരെയുള്ള നിർമാണവും നിലച്ചു. പിന്നീട് എസ്റ്റിമേറ്റ് തയ്യാറാക്കി റീ ടെണ്ടർ വിളിച്ചെങ്കിലും ടെൻഡർ വിളിക്കാൻ ഒരാൾ മാത്രമാണ് ഉണ്ടായത്. വീണ്ടും ടെണ്ടർ വിളിച്ചതിൽ മൂന്നാളുകളുണ്ടായിരുന്നു. വലിയ തുകക്കുള്ള ടെണ്ടർ ആയതിനാൽ കരാറുകാരുടെ ക്വാളിഫിക്കേഷൻ പരിശോധിച്ചു മാത്രമേ ടെൻഡർ സ്ഥിരപ്പെടുത്തൂ. അതിന് ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരും. അതിനാൽ മഴ ശക്തിപ്പെടും മുമ്പ് റോഡിലെ കുഴികൾ അടക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
No comments