Breaking News

തൃക്കരിപ്പൂരില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി മറിഞ്ഞു


തൃക്കരിപ്പൂരില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. തൃക്കരിപ്പൂര്‍ വടക്കേ കോവ്വലില്‍ രാവിലെ 11:30 ഓടെയായിരുന്നു സംഭവം. തൃക്കരിപ്പൂര്‍ ഭാഗത്തുനിന്നും നടക്കാവ് ഭാഗത്തേക്ക് മണ്ണുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറിയാണ് മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട് റോഡരികിലെ സയ്യിദ് ഹാജിയുടെ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്ത് കാര്‍പോര്‍ച്ചിന് സമീപത്തേക്ക് മറിഞ്ഞത്. അപകടസമയത്ത് റോഡിലും വീടിന്റെ പരിസരത്തും ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തിന്റെ ആഘാതത്തില്‍ മതില്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ലോറി ഡ്രൈവര്‍ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ജനവാസ മേഖലയിലൂടെയുള്ള ടിപ്പറുകളുടെ അമിതവേഗത വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.


No comments