Breaking News

കോട്ടയത്ത് ഉരുൾപൊട്ടലിൽ ഒരു മരണം; മൃതദേഹം കണ്ടെത്തി


കോട്ടയം : കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയെ മരണപ്പെട്ട നിലയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തു. ജോണിയുടെ ഭാര്യ റെജീനയ്ക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
അതിശക്ത മഴയിൽ ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. വീടിനുള്ളിൽ അകപ്പെട്ടിരുന്ന രവിയുടെ ഭാര്യ സുമതി മരണപ്പെട്ടു. പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.
അതേസമയം കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ ആറു കേന്ദ്രങ്ങളില്ലാണ് ക്യാമ്പുകൾ തുറന്നത്. ജെ ജെ മർഫി സ്കൂൾ എന്തയാർ, സി.എം.എസ് എൽ.പി സ്കൂൾ കൂട്ടിക്കൽ, ശങ്കർ മെമ്മോറിൽ സ്കൂൾ ഇളംകാട്, തുഷാര ക്ലബ് പെരുന്തുരുത്ത്, സി എം എസ് എൽ പി സ്കൂൾ മുണ്ടക്കയം, സെൻറ് ജോസഫ് ഹൈസ്കൂൾ പുത്തൻചന്ത എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.
തഹസിൽദാർമാരുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടർ അറിയിച്ചു. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിർദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും കളക്ടർ നിർദേശിച്ചു.
എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. കോട്ടയം ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റുമുകൾ തുറന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുകളുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മണിമലയാറിൻറെയും മീനച്ചിലാറിൻറെയും തീരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

No comments