ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുക 24 മണിക്കൂര്‍ ഒപി പുനസ്ഥാപിക്കുക പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്
രാജപുരം : മലയോര മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ ആശ്രയിക്കുന്ന പൂടംകല്ല് താലൂക്ക് (വെള്ളരിക്കുണ്ട്) ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമം മൂലം ചികിത്സാ സൗകര്യങ്ങള്‍ പൂര്‍ണ്ണമായി താളംതെറ്റുന്നു.
ആവശ്യത്തിന് സ്ഥിരം ഡോക്ടര്‍മാരില്ലാത്തതും സ്‌പെഷ്യലിസ്റ്റ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും മൂലം മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് രോഗികള്‍.മുന്‍പ് 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിച്ചിരുന്ന പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ നിലവില്‍ രാത്രികാല സേവനം വൈകുന്നേരം 8 മണിവരെ മാത്രമായി ചുരുക്കിയിരിക്കുകയാണ്. രാത്രിയില്‍ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികളെ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ മറ്റ് വിദൂര ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്.
പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നും 24 മണിക്കൂര്‍ ഒ.പി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാരായ രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും ജില്ലാ കേന്ദ്രങ്ങളിലേക്കടക്കം വലിയ സമരങ്ങള്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് രജീഷ് വെള്ളാട്ട് പറഞ്ഞു.
No comments