Breaking News

കുട്ടികള്‍ക്കും അധ്യാപികമാര്‍ എംഡിഎംഎ നല്‍കിയോ? ഇരിട്ടി സ്വദേശി ജിജിലിന്‍റെ അക്കൗണ്ടില്‍ കോടികളെത്തി; അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്

കോഴിക്കോട്: വടകര അധ്യാപികരമാര്‍ അറസ്റ്റിലായ എംഡിഎംഎ കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്. ഇതുവരെ അഞ്ച് പ്രതികൾ പിടിയിലായി. പിടിയിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിൻ്റെ അക്കൗണ്ടിൽ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നെന്നും അധ്യാപികമാരുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയെന്നും പൊലീസ് പറയുന്നു. കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കും കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫും മാധ്യമങ്ങളെ കാണ്ടാണ് ഇക്കാര്യം പറഞ്ഞത്.


പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും തീരുമാനമായി. കുട്ടികൾക്ക് ലഹരി എത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ജിജിൽ പ്രധാന പ്രതികളിൽ ഒരാളാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കേരളത്തിൽ നിന്ന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. വിദേശ നമ്പറുകളിലെ ഫോൺ വിളികളും പ്രതികൾ നടത്തിയെന്നും അന്വേഷണ സംഘം പറയുന്നു.

രണ്ട് ഗ്രാം എംഡിഎംഎയിൽ നിന്ന് തുടങ്ങിയ കേസന്വേഷണം എത്തി നിൽക്കുന്നത് കോടികളുടെ ഇടപാടിൽ. അധ്യാപികമാരുമായി നേരിട്ട് ബന്ധമുള്ള ജിജിൽ കുര്യാക്കോസിൻ്റെ അക്കൗണ്ടിലൂടെ മറിഞ്ഞത് ഒരു കോടിയിലധികം രൂപയാണെന്നും അധ്യാപികമാരുടെ അക്കൗണ്ടിൽ 16 ലക്ഷം വരെ എത്തിയെന്നും പൊലീസ് പറയുന്നു. കുട്ടികൾക്ക് ലഹരി എത്തിച്ചോയെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളുടെ വിദേശ യാത്രകൾ ഉൾപ്പെടെ പരിശോധിക്കും. അധ്യാപികയായ കീർത്തന നടത്തിയിരുന്ന ബൺ മസ്‌ക കട വഴി ലഹരി ഇടപാട് നടന്നോയെന്നും അന്വേഷിക്കും.

No comments