Breaking News

'പ്രിയദർശിനി'യിൽ സ്വകാര്യബസുകളും ഗതാഗത മന്ത്രിയുടെ ഉറപ്പ് ഏറ്റെടുത്തു, പഠിച്ച് പരിഹാരം കാണും വരെ സമരത്തിനില്ല; 'പക്ഷേ കാലതാമസം പാടില്ല'


തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി മൂലമുള്ള സാമ്പത്തിക പ്രയാസത്തിന്‍റെ പേരിൽ സ്വകാര്യ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് മാർച്ചും റിലേ ധർണയും മാറ്റി വെച്ചു. ജൂലൈ 20 മുതൽ ജൂലൈ 25 വരെയുള്ള ഒരാഴ്ചക്കാലം നടത്താനിരുന്ന ബസുടമകളുടെ സെക്രട്ടറിയേറ്റു മാർച്ചും റിലേ ധർണയും മാറ്റി വെക്കുന്നതായി ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സ്റ്റിയറിങ് കമ്മറ്റിയാണ് അറിയിച്ചത്. ഇന്നലെ ഗതാഗതമന്ത്രിയുമായി ഔദ്യോഗികമായി നടത്തിയ ചർച്ചയിൽ ബസ് വ്യവസായം നേരിടുന്ന പ്രയാസങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്നതിന് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആറ് ആഴ്ചക്കുള്ളിൽ സമിതിയിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് 'പ്രിയദർശിനി' കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെ സഹായിക്കുന്ന തിരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും ഗതാഗത മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം മാറ്റി വെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു. ഗതാഗത മന്ത്രി നൽകിയ ഉറപ്പ് നിശ്ചയിച്ച കാലാവധിക്കുള്ളിൽ നടപ്പിലാക്കിയില്ലെങ്കിൽ സർവിസ് നിർത്തിവെച്ചു കൊണ്ടുള്ള അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിക്കുമെന്നും അറിയിപ്പുണ്ട്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിക്കണമെന്നും ഒരു ദിവസം രണ്ടു യാത്ര മാത്രം അനുവദിക്കുന്ന വിധത്തിലുള്ള കാർഡ് വിതരണം ചെയ്ത്കൊണ്ടായിരിക്കണമെന്നും കെ എസ് ആർ ടി സി ക്കും സ്വകാര്യ ബസുകളെ പോലെ സമയ ക്ലിപ്തത ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

No comments