Breaking News

ജിയാമോളുടെ ചികിത്സാ സഹായനിധി സമാഹരണം പൂർത്തിയായി; സമാഹരിച്ചത് 79 ലക്ഷത്തിലേറെ രൂപ


രാജപുരം: രക്താർബുദം ബാധിച്ച അഞ്ചു വയസ്സുകാരി ജിയാമോൾ ജിനീഷിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായുള്ള ധനസമാഹരണം വിജയകരമായി പൂർത്തിയായി. 

കള്ളാർ പഞ്ചായത്തിലെ കള്ളാർ ഇലക്കുടിക്കൽ ജിനീഷ് - ശ്രീഞ്ചു ദമ്പതികളുടെ മകളായ ജിയാമോൾ തൻ്റെ ജീവൻ നിലനിർത്താൻ ഉദാരമതികളുടെ അടിയന്തിര സഹായം തേടിയ വാർത്തയ്ക്ക് പിന്നാലെയാണ് നാട് ഒന്നടങ്കം ഈ കുഞ്ഞിനായി കൈകോർത്തത്.

ബ്ലഡ് ക്യാൻസർ എന്ന മാരക രോഗത്തോട് പോരാടുന്ന ഈ കുഞ്ഞിന്റെ ക്യാൻസർ കോശങ്ങൾ തലച്ചോറിനെക്കൂടി ബാധിച്ച നിലയിലായിരുന്നു. രണ്ടു വർഷം മുൻപ് കഠിനമായ ചികിത്സകളിലൂടെ രോഗാവസ്ഥയ്ക്ക് അല്പം കുറവുണ്ടായിരുന്നതാണ്. എന്നാൽ വിധി വീണ്ടും ആ കുഞ്ഞിനെ ക്രൂരമായി വേട്ടയാടിയതോടെ, ജീവൻ നിലനിർത്താൻ എത്രയും വേഗം 'മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ' നടത്തണമെന്ന് തലശ്ശേരി മലബാർ കാൻസർ സെന്ററിലെ വിദഗ്ദ്ധ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കുമായി ഏകദേശം 50 ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന വാർത്ത പുറത്തുവന്നതോടെ വലിയ ആശങ്കയിലായിരുന്നു മകളുടെ ചികിത്സയ്ക്കായി ഇതിനോടകം സർവ്വതും വിറ്റൊടുക്കിയ ഈ കുടുംബം.

തുടർന്ന് കഴിഞ്ഞ ജൂൺ 22-നാണ് ജിയാമോൾക്ക് വേണ്ടി ചികിത്സാ സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം ആരംഭിച്ചത്. കാരുണ്യമനസ്സുകളുടെ വലിയ പിന്തുണയോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ, അതായത് ജൂലൈ 10 ആയപ്പോഴേക്കും ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷ്യമിട്ടതിലും അധികമായി 79,88,967 രൂപ സമാഹരിക്കാൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ചികിത്സയ്ക്ക് ആവശ്യമായ തുക പൂർത്തിയായതിനെ തുടർന്ന് ബാങ്ക് അക്കൗണ്ട് നിലവിൽ ക്ലോസ് ചെയ്തിട്ടുണ്ട്.


ഇത്രയും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വലിയൊരു തുക സമാഹരിക്കാൻ ഒപ്പം നിന്ന എല്ലാവർക്കും ചികിത്സാ സഹായ സമിതി പ്രതിനിധികൾ ആത്മാർത്ഥമായ നന്ദി അറിയിച്ചു. മാധ്യമ സുഹൃത്തുക്കൾ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങൾ, കൂട്ടായ്മകൾ, നാനാജാതി മതസ്ഥരായ ജനങ്ങൾ എന്നിവരെല്ലാം ഒത്തൊരുമയോടെ രംഗത്തിറങ്ങിയതാണ് ഈ കാരുണ്യദൗത്യം ഇത്ര വേഗത്തിൽ ലക്ഷ്യത്തിലെത്തിക്കാൻ സഹായിച്ചത്.


വരുന്ന ഓഗസ്റ്റ് ഒന്നാം തീയതിയാണ് ജിയാമോളുടെ തുടർചികിത്സ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ കീമോതെറാപ്പിയും, അതിനുശേഷം റേഡിയേഷനും ഉണ്ടായിരിക്കും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വിവിധ ടെസ്റ്റുകൾക്കും ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനകൾക്കും ശേഷം സെപ്റ്റംബർ മാസത്തോടെ ഓപ്പറേഷൻ നടത്താനാണ് ഡോക്ടർമാർ നിശ്ചയിച്ചിരിക്കുന്നത്.

ചികിത്സയ്ക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിയ സാഹചര്യത്തിൽ, ഇനി ജിയാമോൾ പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്ന് ഭാരവാഹികളും കുടുംബവും അഭ്യർത്ഥിച്ചു.


No comments