പാണത്തൂർ സുള്ള്യ അന്തർസംസ്ഥാന പാതയിലെ കല്ലപ്പള്ളി പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി
രാജപുരം : പാണത്തൂർ സുള്ള്യ അന്തർസംസ്ഥാന പാതയിലെ കല്ലപ്പള്ളി പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. തിങ്കളാഴ്ച വൈകിട്ടാണ് റോഡരികിലെ പ്ലാന്റേഷൻ ഭാഗത്ത് കാട്ടാനയെയും, ആന കുട്ടിയെയും കണ്ടത്. സാധാരണയായി രാത്രികാലങ്ങളിൽ വനത്തിൽനിന്നും പുറത്തിറങ്ങാറുള്ള ആനകൾ തിങ്കളാഴ്ച പകൽ വെളിച്ചത്തിൽതന്നെ റോഡരികിൽ നിലയുറപ്പിച്ചത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ആന നിലയുറപ്പിച്ചതോടെ വാഹനങ്ങൾ ഇതുവഴി പോകാൻ മടിച്ചു. കഴിഞ്ഞ ആഴ്ച കല്ലപ്പള്ളി മാമ്പള റോഡിന് സമീപം പകൽ സമയത്ത് കാട്ടാനയെ കണ്ടിരുന്നു. കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ, ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വനസംരക്ഷണ സമിതി പ്രസിഡന്റ് എൻ കെ ജയപ്രകാശും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്തുമലയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു.നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളും വനപാലകരും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. വനത്തിന്റെ വശത്തുള്ള സോളാർ വേലികളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും, കാട്ടാനകളെ പ്രതിരോധിക്കാനുള്ള മറ്റ് നടപടികൾ വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. പ്ലാന്റേഷൻ ഭാഗങ്ങളിൽ ആനകൾ നിലയുറപ്പിക്കുന്നത് പതിവാണെങ്കിലും, ഇവ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്റെ കർശന നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments