റഷ്യൻ ആക്രമണത്തിൽ ജീവൻ നഷ്ടമായ വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയന്റെ വിയോഗം കായിക ലോകത്തിനും തീരാനഷ്ടം
വെള്ളരിക്കുണ്ട് : ഉക്രെയ്നിലെ ഒഡേസ തുറമുഖത്തിന് സമീപം റഷ്യൻ
ആക്രമണത്തിൽ ജീവൻ നഷ്ടമായ വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി വാളിപ്ലാക്കൽ അഖിൽ ജോയൽ (26) ന്റെ വിയോഗം കായിക ലോകത്തിനും തീരാനഷ്ടം. സ്കൂൾതലം മുതൽ കായിക രംഗത്തെ തിളങ്ങുന്ന നക്ഷത്രമായിരുന്നു അഖിൽ. മത്സരമേതായാലും മുന്നിൽ അഖിലുണ്ടാകും. വെള്ളരിക്കുണ്ട് സെന്റ് ജൂഡ് സ്കൂളിലെ വിദ്യാർഥിയായിരിക്കെ, മടിക്കൈ കാലിച്ചാംപൊതിയിൽ നടന്ന സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്കായി സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു. അതിന്റെ തുടർച്ചയായി 2016ൽ മഹാരാഷ്ട്രയിൽ നടന്ന ദേശീയ അണ്ടർ 17 വടംവലി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനൊപ്പം സ്വർണം കരസ്ഥമാക്കി.വടംവലിക്ക് പുറമെ വോളിബോൾ, ഹാൻഡ്ബോൾ, ജാവലിൻ ത്രോ, ഷോട്ട്പുട്ട്, ഓട്ടം തുടങ്ങി തോട്ടതെല്ലാം പൊന്നാക്കുന്ന താരം. ഏത് കളിയിലും മികവ് തെളിയിച്ച അഖിൽ റോപ് പുള്ളിങ്ങിൽ ലോക റെക്കോർഡ് നേടിയിരുന്നു. റോപ് പുൾഅപ്പിൽ 30 സെക്കൻഡിൽ 25 തവണ ചെയ്ത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു. എൻസിസി മാസ്റ്ററായ അഖിലിന്റെ സ്വപ്നം കായിക ശേഷിയിലൂടെ രാജ്യസേവചെയ്യുക എന്നതായിരുന്നു. ആ സ്വപ്നമാണ് 19 വയസ്സിൽ അഖിലിനെ ചെന്നൈയിൽ എത്തിച്ചത്.മറൈൻ എൻജിനീയറിങ് ഉയർന്ന മാർക്കോടെ പാസായി. അതിനു ശേഷമാണ് മർച്ചന്റ് നേവിയിൽ ചേർന്നത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് അഖിൽ പ്ലസ്ടവരെ പഠിച്ചത്. അധ്യാപകർക്കും നാട്ടുകാർക്കും
പ്രിയങ്കരനായിരുന്നു.
No comments