ചീമേനിയിൽ ആണവ നിലയ പദ്ധതി ; യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
ചീമേനി : ചീമേനിയിൽ ആണവ നിലയ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി ചീമേനിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പൊതുയോഗം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ സജേഷ് അധ്യക്ഷനായി. കെ ആർ അനിഷേധ്യ, ടി പി റിജിൻകൃഷ്ണ, സെറീന സലാം, എം വി ഷിജു, നവീൻ കുമാർ, കെ അഭിരാം, രാഹുൽ രമേഷ്, കെ മായ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രൻ സ്വാഗതംപറഞ്ഞു.
ചീമേനിയിലെ ആണവനിലയം അടഞ്ഞ അധ്യായം: എം രാജഗോപാലൻ
കാസർകോട് : ചീമേനിയിൽ ആണവ നിലയം എന്നത് അടഞ്ഞ അധ്യായമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ പ്രസ്താവനയിൽ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് എൽഡിഎഫ് ഭരണകാലത്ത് പല കോണുകളിൽ നിന്ന് ഇത്തരമൊരു അഭിപ്രായം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ അത് വേണ്ടെന്ന് തീരുമാനിച്ചതാണ്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് ചീമേനിയിൽ ഇപ്പോൾ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പദ്ധതി നാടിനെ ഇല്ലാതാക്കും. അനുദിനം വികസിക്കുന്ന ജനവാസ മേഖലയാണ് ചീമേനി. ആണവ നിലയം പോലെ അപകട സാധ്യത ഏറെയുള്ള പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്ക ഏറെയാണ്. എൻഡോസൾഫാൻ എന്ന മാരക കീടനാശിനി ഉണ്ടാക്കിയ ദുരന്തത്തിന്റെ തിക്തഫലം അനുഭവിക്കുന്ന ജനതയാണ് ചീമേനിയിലുള്ളത്. ആണവ നിലയങ്ങൾ അപകടത്തിൽപെട്ട് അതിന്റെ ദുരന്തം അനുഭവിച്ചവർ ലോകത്ത്
പലയിടത്തുമുണ്ട്. ഇവയിൽ നിന്നുള്ള റേഡിയേഷൻ ചോർച്ചയുണ്ടായാൽ അത് പരിസ്ഥിതിക്കും മനുഷ്യജീവനും വലിയ ഭീഷണിയാവും. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു പദ്ധതി ചീമേനിയിൽ വേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചത്. പദ്ധതി നടപ്പാക്കാനുള്ള ശ്രമമുണ്ടായാൽ ജനങ്ങളെ അണിനിരത്തി തടയും. എം രാജഗോപാലൻ പറഞ്ഞു.
No comments