Breaking News

ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്ര കെട്ടിട നിർമാണം നിലച്ച അവസ്ഥയിൽ


ചിറ്റാരിക്കാൽ : കാസർകോട് വികസന പാക്കേജിൽ നിർമാണം ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പണി നിലച്ച അവസ്ഥയിൽ. ഏഴുമാസമായി യാതൊരു നിർമാണപ്രവർത്തനവും നടക്കാത്ത അവസ്ഥയിലാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടനിർമാണം.

 1972-ൽ ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത് 52 വർഷം മുമ്പ് പണിത കെട്ടിടത്തിലാണ്. ദിവസം നൂറുകണക്കിന് രോഗികൾ ചികിത്സതേടിയെത്തുന്ന കേന്ദ്രം വർഷങ്ങളായി സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുന്നതിനാൽ പുതിയ കെട്ടിടം നിർമിക്കണമെന്ന അവശ്യം ശക്തമായിരുന്നു. പുതിയ കെട്ടിടം നിർമിക്കാൻ 2018-ൽ കാസർകോട് വികസന പാക്കേജിൽ 2.65 കോടി രൂപ അനുവദിച്ചു. എന്നാൽ കൂടുതൽ സൗകര്യപ്രദമായ കെട്ടിടം നിർമിക്കണമെന്നും അതിന് കൂടുതൽ തുക അനുവദിക്കണമെന്നും അന്നത്തെ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. 2022-ൽ തുക 3.45 കോടിയായി വർധിപ്പിച്ചു. വീണ്ടും നിർമാണം അനിശ്ചിതമായി നീണ്ടുപോയപ്പോൾ മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കി 2024-ൽ നിർമാണം ആരംഭിച്ചത്. 18 മാസമാണ് നിർമാണ കാലാവധി. 2025 സെപ്തംബറിൽ കെട്ടിടത്തിന്റെ പ്രധാന കോൺക്രീറ്റ് പണി പൂർത്തിയാക്കി. നിർമാണത്തിനനുസരിച്ച് പണം ലഭിക്കാതെയും നിർമാണ കാലാവധി തീർന്നതും കാരണം 2025 ഒക്ടോബറോടെ പണി നിലച്ചു. പണി തുടരാനാവശ്യമായ ഭരണാനുമതി ലഭിക്കാൻ കരാറുകാരനും പഞ്ചായത്ത് ഭരണസമിതിയും ശ്രമം ആരംഭിച്ചിരുന്നു. ആറുമാസത്തേക്ക് കാലാവധി ദീർഘിപ്പിച്ചുകൊണ്ട് 2026 മേയ് ആദ്യവാരം സർക്കാർ ഉത്തരവിറക്കി. പുതിയ ഉത്തരവിൽ കാലാവധി മേയ് 31-ന് കഴിയുന്നതിനാൽ പണി ആരംഭിക്കാൻ കരാറുകാരൻ തയ്യാറായിട്ടില്ല. വീണ്ടും കാലാവധി നീട്ടിക്കിട്ടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനുവേണ്ടി നിരവധിതവണ ഓഫീസുകൾ കയറിയിറങ്ങിട്ടുണ്ടെന്നും വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചാത്ത് പ്രസിഡന്റ് മേഴ്സി മാണി പറഞ്ഞു. ഭരണാനുമതി ഉടൻ ലഭിക്കുമെന്നും നിർമാണം പൂർത്തിയാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പൂർത്തിയായത് പൂട്ടിക്കിടക്കുന്നു ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപം ഉപകേന്ദ്രത്തിനുവേണ്ടി 55 ലക്ഷം രൂപ ചെലവിൽ ഒരു കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ കെട്ടിടം പൂട്ടിക്കെട്ടിയനിലയിലാണ്. കെട്ടിടത്തിൽ വൈദ്യുതി ലഭിക്കാത്തതാണ് തുറക്കാതിരിക്കാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം.

No comments