നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു.. അണ്ടോൾ-പൊതാവൂർ തൂക്കുപാലം അപകടാവസ്ഥയിൽ
കരിന്തളം : അണ്ടോൾ-പൊതാവൂർ തൂക്കുപാലം അപകടഭീഷണിയിൽ. പാലത്തിന്റെ നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിത്തകർന്നതോടെ ഇരുമ്പുകമ്പികൾ പുറത്തുകാണുന്ന സ്ഥിതിയാണ്.
ഇതോടൊപ്പം വലിയ പ്ലാവും തെങ്ങും പാലത്തിന്റെ നേർക്ക് ചെരിഞ്ഞുനിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ശക്തമായ കാറ്റിലും മഴയിലും ഇവ പാലത്തിനുമുകളിലേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയാണ് നാട്ടുകാർക്ക്.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ അണ്ടോളിനെയും കയ്യൂർ ചീമേനി പഞ്ചായത്തിലെ പൊതാവൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിലൂടെ പ്രതിദിനം വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ നിരവധിപ്പേർ കടന്നുപോകുന്നുണ്ട്.
പാലം ഉടൻ പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തണമെന്നും അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റി.സുരക്ഷിതമാക്കുകയും വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഇവിടെ റോഡ്പാലം നിർമിക്കാനുള്ള നടപടികൾ നാടിന്റെ അഞ്ച് പതിറ്റാണ്ടോളം നീണ്ട മുറവിളിക്കുശേഷം ഇപ്പോൾ സജീവമാണ്.
No comments