അപകടം പതിവായി; കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാനപാതയോരം വൃത്തിയാക്കി നാട്
ഇരിയ : സംസ്ഥാനപാതയിലെ യാത്രക്കാർക്ക് ആശ്വാസം. പാതയോരത്തെ കാട് തെളിച്ച് നാടിന്റെ കൂട്ടായ്മ. കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാനപാതയിൽ അപകടങ്ങൾ
പതിവായതോടെയാണ് ഗുരുപുരം മുതൽ ഏഴാംമൈൽവരെയുള്ള അഞ്ചര കിലോമീറ്റർ ഭാഗത്തെ പാതയോരം വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മുന്നിട്ടിറങ്ങിയത്.
സംസ്ഥാനപാതയിൽ ഗുരുപുരംമുതൽ ഏഴാംമൈൽവരെയുള്ള ഭാഗത്ത് കാട് മൂടിയതും വളവുകളും കാരണം പലപ്പോഴും എതിരേവരുന്ന വാഹനങ്ങൾപോലും കാണൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു.
സ്കൂൾ വിദ്യാർഥികളും കാൽനടയാത്രക്കാരും വലിയ ദുരിതമാണ് അനുഭവിച്ചിരുന്നത്. അപകടങ്ങളും പതിവായതോടെ പ്രശ്നപരിഹാരം തേടി കോടോം ബേളൂർ, പുല്ലൂർ പെരിയ
ഗ്രാമപ്പഞ്ചായത്ത് അധികൃതർ, അമ്പലത്തറ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഇരിയയിൽ ജനകീയ യോഗം വിളിച്ചുചേർത്തിരുന്നു.
തുടർന്നാണ് പാതയോരം വൃത്തിയാക്കുന്നതിന് പ്രത്യേക ശുചീകരണയജ്ഞം നടത്താൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതൽ നാടൊന്നാകെ പാതയോരം വൃത്തിയാക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. ജനകീയ സഹകരണത്തോടെയുള്ള ശുചീകരണയജ്ഞം ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് ഉദ്ഘാടനംചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു അധ്യക്ഷയായി.
കോടോം ബേളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ, പുല്ലൂർ പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത, ബ്ലോക്ക് പഞ്ചായത്തംഗം പി. ഗംഗാധരൻ, അമ്പലത്തറ ഇൻസ്പക്ടർ സി. ഷാജു എന്നിവർ സംസാരിച്ചു. കോടോം ബേളൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, ഹരിത കർമസേനാംഗങ്ങൾ, സാമൂഹിക- രാഷ്ട്രീയ പ്രതിനിധികൾ, ആസൂത്രണസമിതി അംഗങ്ങൾ, ഊര് മൂപ്പൻമാർ, കുടുംബശ്രീ പ്രവർത്തകർ, ഇരിയ ജമാഅത്ത് അംഗങ്ങൾ, ഗുരുപുരം ക്ഷേത്ര പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, സന്നദ്ധപ്രവർത്തകർ, പ്രദേശവാസികൾ, സനാതന കോളേജ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
No comments