കുമ്പള മൊഗ്രാലിൽ യുവാവിനെ തടഞ്ഞ് നിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം...
കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാലിൽ യുവാവിനെ തടഞ്ഞ് നിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. സാരമായി പൊള്ളലേറ്റ യുവാവിനെ കുമ്പള ജില്ലാ സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കർണ്ണാടക, ഹുബ്ലി സ്വദേശിയും വർഷങ്ങളായി മൊഗ്രാൽ, കൊപ്പളത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ അബ്ദുൽ ഗഫൂർ (45)ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇന്ന് (വെള്ളി) പുലർച്ചെ അഞ്ചര മണിയോടെ മൊഗ്രാൽ റെയിൽവെ അടിപ്പാതയിലാണ് സംഭവം. തേപ്പുമേസ്തിരിയായ അബ്ദുൽ ഗഫൂർ പതിവുപോലെ ക്വാർട്ടേഴ്സിൽ നിന്ന് ഇറങ്ങി ദേശീയ പാതയിലേക്ക് നടന്നു പോവുകയായിരുന്നു. റെയിൽവെ അടിപ്പാതക്ക് അടിയിൽ എത്തിയപ്പോൾ സമീപത്തെ കുറ്റിക്കാട്ടിൽ പതിയിരുന്ന നാലംഗ സംഘം ചാടി വീണ് തടഞ്ഞ് നിർത്തി. ഇതിനിടയിൽ ഒരാൾ അബ്ദുൽ ഗഫൂറിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും മറ്റൊരാൾ തി കൊളുത്തുകയുമായിരുന്നു. തീ ആളിപ്പടർന്നതോടെ അബ്ദുൽ ഗഫൂറിനെ ഉപേക്ഷിച്ച് അക്രമി സംഘം ഓടി രക്ഷപ്പെട്ടു. യുവാവിന്റെ നിലവിളി കേട്ടെത്തിയ പരിസരവാസികൾ തീ അണച്ച ശേഷം ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചു. അബ്ദുൽ ഗഫൂർ അപകടനില തരണം ചെയ്തിട്ടുണ്ട്. ശരവണൻ, ലിംഗം, മേരി, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരാണ് അക്രമം നടത്തിയതെന്നു അബ്ദുൽ ഗഫൂർ പറഞ്ഞു
തേപ്പ് മേസ്ത്രിയാണ് അബ്ദുൽ ഗഫൂർ. സീതാംഗോളിയിലെ ഒരു കെട്ടിടത്തിന്റെ തേപ്പു ജോലി ചെയ്ത വകയിൽ അക്രമി സംഘത്തിന് 3,000 രൂപ കൊടുക്കാനുണ്ടെന്നു പറയുന്നു. പണി ഏൽപ്പിച്ച എഞ്ചിനീയർ 18,000 രൂപ നൽകാനുണ്ട്. ഇത് കിട്ടിയാൽ കൊടുക്കാമെന്നു തൊഴിലാളികളെ അറിയിച്ചിരുന്നതായും അബ്ദുൽ ഗഫൂർ പറഞ്ഞു. ഇന്നലെ (വ്യാഴം) പൊലിസുകാരനാണെന്നു പറഞ്ഞ് ഒരാൾ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അക്രമത്തിനു ഇരയായ അബ്ദുൾ ഗഫൂർ കൂട്ടിച്ചേർത്തു. അക്രമി സംഘത്തിനായി കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. തളങ്കര, മാലിദിനാർ പള്ളിക്കു സമീപത്തെ ക്വാർട്ടേഴ്സിലാണ് മേരിയും മറ്റുള്ളവരും താമസം.
No comments