Breaking News

കരിന്തളം ഗവ. കോളേജിലെ പിന്‍വാതില്‍ നിയമനം ; സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി


കരിന്തളം: കരിന്തളം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി സിപിഎം നേതാവിന് വഴിവിട്ട രീതിയില്‍ നിയമനം നല്‍കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലില്ലാതെ തെരുവില്‍ അലയുമ്പോഴാണ്, ഭരണസ്വാധീനം ഉപയോഗിച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റുന്ന പതിവ് രീതി ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്.
തസ്തികകളിലേക്ക് അര്‍ഹരായ ഒട്ടനവധി ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നിട്ടും, അവരെയെല്ലാം ബോധപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ട് പാര്‍ട്ടി നേതാവിന് വേണ്ടി നിയമന മാനദണ്ഡങ്ങളില്‍ അട്ടിമറി നടത്തുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
ഈ വഴിവിട്ട നിയമനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുടുംബശ്രീ അധികൃതരുടെയും മറ്റ് ഉന്നതരുടെയും പങ്ക് പുറത്തുകൊണ്ടുവരണം. നിയമന പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനും, അഴിമതിക്ക് കൂട്ടുനിന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെയും, അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നത് വരെയും ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി ബിജെപി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് വര്‍ണ്ണം അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് വി. സി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.ചന്ദ്രന്‍ പൈക്ക. മധു വട്ടിപ്പുന്ന. രഞ്ജിത്ത് വരയില്‍. വിനോദ് തലയടുക്കം എന്നിവര്‍ സംസാരിച്ചു.

No comments