Breaking News

കേരളത്തിൽ നടന്നത് പദവികൾ വെച്ച് മാറൽ മാത്രം: എം.എൽ. അശ്വിനി വെള്ളരിക്കുണ്ട് സംഘടനാ മണ്ഡലത്തിന്റെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പരിശീലന മഹാ അഭിയാൻ ഉദ്ഘാടനം ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി നിർവഹിച്ചു


റാണിപുരം: സംസ്ഥാനത്ത് വലിയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെ കേരളത്തിലെ ജനങ്ങൾ അധികാരത്തിലെത്തിച്ച യുഡിഎഫ് സർക്കാർ വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ ജനങ്ങളുടെ പ്രതീക്ഷകൾ നഷ്ടപ്പെടുത്തിയെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു. വെള്ളരിക്കുണ്ട് സംഘടനാ മണ്ഡലത്തിന്റെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പരിശീലന മഹാ അഭിയാൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

മുഖ്യമന്ത്രി സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും ആളുകൾ മാറിയതൊഴിച്ചാൽ ജനങ്ങൾക്ക് അനുഭവപ്പെടുന്ന യാതൊരു ഗുണപരമായ മാറ്റവും സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും, പദവികൾ കൈമാറിയതാണ് കേരളം കണ്ട ഏക മാറ്റമെന്നും അവർ പറഞ്ഞു.

വയനാട്ടിൽ മണ്ണിടിച്ചിലിൽ ഏഴ് പേർ മരണപ്പെട്ട ദുരന്തം നടന്നിട്ടും വയനാട് എംപി പ്രിയങ്ക ഗാന്ധിയോ മുൻ വയനാട് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയോ ദുരന്തബാധിത പ്രദേശം സന്ദർശിച്ചിട്ടില്ലെന്ന് അവർ വിമർശിച്ചു. രാജ്യത്തിന്റെ താൽപര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ വിദേശത്ത് പോയി ഭാരതത്തെയും ഭാരതത്തിന്റെ ഭരണസംവിധാനങ്ങളെയും വിമർശിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു.


കേരളത്തിലെ ആയിരത്തിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള സാഹചര്യത്തിൽ, ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ സംഭവവികാസങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമാകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ഇത് ബിജെപിയുടെ രാഷ്ട്രീയ പ്രസക്തി വർധിച്ചുവരുന്നതിന്റെ തെളിവാണെന്നും, നിയമസഭയിൽ വെറും മൂന്ന് അംഗങ്ങളുള്ള ബിജെപി ശക്തമായ പ്രതിപക്ഷത്തിന്റെ പങ്കാണ് നിർവഹിക്കുന്നതെന്നും അവർ പറഞ്ഞു. അതിനനുസരിച്ച് ബിജെപി പ്രവർത്തകരുടെ മേൽ പൊതുസമൂഹം അർപ്പിക്കുന്ന വിശ്വാസവും ഉത്തരവാദിത്തവും വർധിച്ചുവരുന്നതായും അവർ കൂട്ടിച്ചേർത്തു.


മണ്ഡലം പ്രസിഡന്റ് വിനീത് കുമാർ മുണ്ടമാണി അധ്യക്ഷത വഹിച്ചു. കോഴിക്കോട് മേഖല സംഘടനാ സെക്രട്ടറി ജി. കാശിനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, മനുലാൽ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജ്, ജില്ലാ സെക്രട്ടറി എൻ. മധു, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി വി. കുഞ്ഞിക്കണ്ണൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് സുകുമാരൻ കാലിക്കടവ്, എസ്.ടി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ. വേണുഗോപാൽ, ശ്രീജിത്ത് പറക്കളായി എന്നിവർ സംസാരിച്ചു.


No comments