കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുതുജനാരോഗ്യ നിയമം 2023: ഭക്ഷ്യസ്ഥാപന ജീവനക്കാർക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു
കരിന്തളം: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിന്റെയും കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ആഹാര-പാനീയ നിർമ്മാണ, സംഭരണ, വിതരണ കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാർക്കായി പൊതുജനാരോഗ്യ നിയമം 2023 അടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിശീലനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളും മഴക്കാല പകർച്ചവ്യാധികളും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സി.ഡി.എസ്. ഹാൾ, കോയിത്തട്ടയിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. രാജൻ ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ ഭക്ഷ്യസ്ഥാപനങ്ങളുടെ ഉത്തരവാദിത്വം അതീവ പ്രധാനമാണെന്നും നിയമം കൃത്യമായി പാലിക്കുന്നതിലൂടെ രോഗവ്യാപനം ഫലപ്രദമായി തടയാൻ കഴിയുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീമതി എൻ. ടി. ശ്യാമള അധ്യക്ഷത വഹിച്ചു.കരിന്തളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.സജിത് കുമാർ, വാർഡ് മെമ്പർമാരായ ശ്രീമതി. വി. വി.യശോദ, ശ്രീ.മുഹമ്മദ്.കെ. നൗഷാദ്, ശ്രീ.ടി.എൻ ബാബു,എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് റിട്ട. ഹെൽത്ത് സൂപ്പർവൈസർ അജിത്ത് കെ. ഫിലിപ്പ് വിഷയാധിഷ്ഠിതമായ മുഖ്യപ്രഭാഷണം നടത്തി. പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ഭക്ഷ്യസ്ഥാപന ഉടമകളും ജീവനക്കാരും പാലിക്കേണ്ട നിയമവ്യവസ്ഥകൾ, ശുചിത്വ മാനദണ്ഡങ്ങൾ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർബന്ധ നടപടികൾ, നിയമലംഘനങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന പിഴകളും ശിക്ഷാനടപടികളും സംബന്ധിച്ച് അദ്ദേഹം വിശദമായി ക്ലാസ് നയിച്ചു. മഴക്കാലത്ത് ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതമായ നിർമ്മാണം, സംഭരണം, വിതരണം എന്നിവയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദീകരിച്ചു.
കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. എസ്. ജയകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സജിത്ത് നന്ദി രേഖപ്പെടുത്തി.
പരിപാടിയിൽ പങ്കെടുത്തവർക്ക് പൊതുജനാരോഗ്യ നിയമം 2023-ലെ പ്രധാന വ്യവസ്ഥകൾ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, മഴക്കാല രോഗപ്രതിരോധം എന്നിവ സംബന്ധിച്ച പ്രായോഗിക നിർദേശങ്ങളും ബോധവൽക്കരണവും നൽകി. വിവിധ ശ്രേണികളിലായി പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
No comments