കുറ്റിക്കോൽ കളക്കരയിൽ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ഒഴിവായത് വൻ ദുരന്തം
കുറ്റിക്കോൽ: ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുറ്റിക്കോൽ കളക്കര വളവിൽ അടക്കയുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം. കുണ്ടംകുഴിയിൽ നിന്ന് അടക്ക കയറ്റി കറുത്തോട്ടിപ്പാറ, കൊട്ടോടി വഴി കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്. കളക്കര ഇറക്കത്തിൽ വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
റോഡരികിലെ ഒരു വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത. ലോറി വീണതിനെത്തുടർന്ന് ഈ വീട് പൂർണ്ണമായും തകർന്നു തരിപ്പണമായി. എന്നാൽ, അപകടസമയത്ത് വീട്ടുകാർ സമീപത്തെ ചെറിയൊരു ഷെഡിലായിരുന്നതിനാൽ വലിയൊരു ദുരന്തം അത്ഭുതകരമായി ഒഴിവായി.
അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെയും ക്ലീനറെയും കാസർകോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
No comments