Breaking News

മലയോരഹൈവേയിലെ യാത്രാതടസ്സം പരിഹരിച്ച് നാട്ടുകാർ അപകടങ്ങൾ ആവർത്തിച്ചതോടെയാണ് അപകടാവസ്ഥയിലുള്ള ഭാഗം നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് നന്നാക്കിയത്



വെള്ളരിക്കുണ്ട് : മലോയോര ഹൈവേയിലെ ദുർഘടാവസ്ഥ പരിഹരിക്കാൻ ഒടുവിൽ നാട്ടുകാർ രംഗത്തിറങ്ങി. അപകടങ്ങൾ ആവർത്തിച്ചതോടെയാണ് അപകടാവസ്ഥയിലുള്ള ഭാഗം നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് നന്നാക്കാൻ തുടങ്ങിയത്. കോളിച്ചാൽ ചെറുപുഴ നാലാംറീച്ചിൽ വനത്തിലൂടെയുള്ള ദൂരം പലഭാഗവും വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത നിലയിലാണ്. മരുതോത്തിനും ചുള്ളിക്കും ഇടയിലെ ഇറക്കത്തിൽ ജീപ്പും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടത് കഴിഞ്ഞദിവസമാണ്. വാഹനയാത്രക്കാർ അധികൃതരോട് പരാതിപ്പെട്ടിരുന്നു. നാട്ടുകാർ പ്രശ്നം എം.എൽ.എ മാരുടെ ശ്രദ്ധയിൽപ്പെടുത്തി. വനത്തിലൂടെയുള്ള ഹൈവേ വികസനത്തിന് 30.79 കോടി കിഫ്ബി അനുവദിച്ചെങ്കിലും പുതിയസാഹചര്യത്തിൽ തുടർനടപടി വൈകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വാഹനയാത്ര തടസ്സപ്പെടാതിരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തുള്ളവർ മുൻകൈയെടുത്തത്. ദുർഘടമായ ഭാഗങ്ങളെല്ലാം കോൺകീറ്റിട്ട് നിരപ്പാക്കി. മൂന്ന് ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം വഴിതിരിച്ച് വിട്ടിട്ടുണ്ട്. വാർഡ് അംഗം മിനി ആന്റണി, പി.കെ. ബാലചന്ദ്രൻ, ബെന്നി കിഴക്കേൽ, കെ.ഡി. മോഹനൻ, കെ.കെ. യോഗേഷ്, ജിജി നായ്ക്കർ വീട്, മാർട്ടിൻ ജോർജ്, സാബു അഗസ്റ്റ്യൻ, രാജേഷ് നായ്ക്കർവീട്, ബിജോ അറയ്ക്കൽ, ഗിരീഷ് കൂക്കൾ, ബിനോയി, പ്രദീപൻ, രഞ്ജിത്ത്പാടി എന്നിവർ നേതൃത്വം നൽകി.

No comments