മാവുങ്കാലിൽ വൻ കവർച്ച: യുവതിയെ തള്ളിയിട്ട് 3 പവന്റെ മാല കവർന്നു; പ്രതികൾക്കായി അന്വേഷണം ഊർജിതം
കാഞ്ഞങ്ങാട്: മാവുങ്കാലിൽ പട്ടാപ്പകൽ യുവതിയെ ഇരുചക്ര വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം തള്ളിയിട്ട് മൂന്ന് പവന്റെ താലിമാല കവർന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മാവുങ്കാൽ നെല്ലിത്തറ കാംകോയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നെല്ലിത്തറയിലെ ഫുഡ് പ്രോഡക്ട്സ് സ്ഥാപനത്തിലെ ജീവനക്കാരിയും പുലയനടുക്കത്തെ രവിയുടെ ഭാര്യയുമായ കെ.സിന്ധുവിന്റെ (42) മാലയാണ് കവർച്ചാ സംഘം അപഹരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരുചക്ര വാഹനത്തിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സിന്ധു. തിരിച്ച് മടങ്ങുന്നതിനിടെ വെള്ള നിറത്തിലുള്ള പഴയ മോഡൽ സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം ഇവരെ പിന്തുടരുകയായിരുന്നു. ഹെൽമറ്റ് ധരിച്ചായിരുന്നു പ്രതികൾ എത്തിയത്.
വീടിന് സമീപത്തെത്തിയപ്പോൾ സംഘം സിന്ധുവിന്റെ വാഹനം തടഞ്ഞുനിർത്തുകയും, സ്കൂട്ടറിന്റെ പുറകിലിരുന്നയാൾ ഇറങ്ങിവന്ന് സിന്ധുവിനെ വാഹനം സഹിതം നിലത്തേക്ക് തള്ളിയിടുകയുമായിരുന്നു. തുടർന്ന് നിലത്തുവീണ സിന്ധുവിന്റെ കഴുത്തിൽ കിടന്ന മൂന്ന് പവന്റെ താലിമാല പൊട്ടിച്ച് സംഘം സ്കൂട്ടറിൽ വേഗത്തിൽ രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് കാഞ്ഞങ്ങാട് സിഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെയും സമീപത്തെയും വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments