Breaking News

ആകാശപാതയില്ല.. നീലേശ്വരം പഴയ പാലം പുതുക്കിപ്പണിയും കോട്ടപ്പുറത്തും രാജാറോഡ് ജംഗ്ഷനിലും 15 മീറ്റർ വീതിയിൽ അടിപ്പാത ; നിധിൻ ഗഡ്‌കരി


നീലേശ്വരം : നീലേശ്വരം പഴയ പാലം പൊളിച്ചുമാറ്റി പുതിയപാലം നിർമ്മിക്കുമെന്നും  കോട്ടപ്പുറത്ത് 15 മീറ്റർ വീതിയിൽ അടിപ്പാതയും കരുവാച്ചേരിയിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയും നീലേശ്വരം നഗരസഭ ജനകീയ കർമസമിതി നിവേദക സംഘവും നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.പുതിയതായി നിർമ്മിക്കുന്ന പാലത്തിൽ നിന്നും രാജാ റോഡിലക്ക് എക്സിറ്റും കോട്ടപ്പുറം റോഡിൽ നിന്നും ദേശീയ പാതയിലേക്ക്  എൻട്രിയും സ്ഥാപിക്കും,രാജാ റോഡിലേക്കുള്ള  അടിപ്പാത 15 മീറ്ററായി വർദ്ധിപ്പിക്കുമെന്നും ഇത് പരിശോധിക്കാൻ വിദഗ്ധ സംഘത്തെ അയക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പുതുതായി നിർമ്മിക്കുന്ന കച്ചേരി കടവ് പാലത്തിൻ്റെ അപ്പ്രോച്ച് റോഡിലേക്ക്  എക്സിറ്റും എൻട്രിയും നൽകും. നീലേശ്വരത്ത് പില്ലർ ബേസ്ഡ് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യത്തിൽ  ദേശീയപാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മന്ത്രി സാധ്യതകൾ ആരാഞ്ഞു.നീലേശ്വരത്ത് പില്ലർ ബേസ്‌ഡ് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാൻ സാങ്കേതിക തടസ്സമുണ്ടെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. പഴയ പാലം   പൊളിച്ച് പണിയുമ്പോൾ ഇപ്പോൾ നിർമ്മിച്ച  പാലത്തിൻ്റെ ഉയരത്തിൽ മാത്രമേ നിർമ്മിക്കാൻ കഴിയൂ. ഇത് പില്ലർ ബേസ്ഡ് ആക്കി മാറ്റുമ്പോൾ ഒന്നര മീറ്റർ കനത്തിൽ ബീമുകൾ നിർമ്മിക്കേണ്ടി വരുമ്പോൾ മേൽ പാലത്തിന് രണ്ടര മീറ്റർ മാത്രമേ ഉയരം ലഭിക്കുകയുള്ളൂവെന്നും വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ കുഴിയെടുത്ത് റോഡ് നിർമ്മിക്കാൻ സാങ്കേതികമായി സാധ്യമല്ലെന്നും മന്ത്രിയും കർമ്മസമിതി ഭാരവാഹികളും തമ്മിലുള്ള ചർച്ചയിൽ ഉദ്യോഗസ്ഥർ  അറിയിച്ചു. അതുകൊണ്ട് തന്നെ  പില്ലർ ബേസ്ഡ് ഓവർ ബ്രിഡ്ജ് എന്ന ആവശ്യം സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെസാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ  മുൻ എം പി പി കരുണാകരൻ,നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ, കർമസമിതി രക്ഷാധികാരി മാമുനി വിജയൻ, വൈസ് ചെയർമാൻമാരായ അഡ്വ. കെ പി നസീർ, സാഗർ ചാത്തമത്ത്, സേതുബങ്കളം, എം ജയറാംഎന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്.സമരസമിതിയും മന്ത്രിയും തമ്മിൽ നടന്ന ചർച്ചയുടെ  സാഹചര്യത്തിൽ അടിയന്തര യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്ന് സമരസമിതി ചെയർമാൻ പിപി മുഹമ്മദ് റാഫിയും  കൺവീനർ ഇ. ഷജീറും  അറിയിച്ചു.

No comments