അന്തർദേശീയ നൃത്ത മത്സരത്തിൽ ഭാരതീയ ശാസ്ത്രീയ നൃത്തരൂപമായ കഥക് അവതരിപ്പിച്ച് ഫോക് ആൻഡ് എത്നിക് വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി നീലേശ്വരം സ്വദേശിനി സൂര്യ ആകർഷ്
നീലേശ്വരം : സൂര്യയുടെ കഥക് നൃത്തത്തിൽ താള ഭാവങ്ങൾ പെയ്തിറങ്ങി. രുദ്രാഷ്ഠകവും രാധാകൃഷ്ണ പ്രണയവും ഗസലിനൊപ്പമുള്ള നൃത്തച്ചുവടുകളും ജുഗൽബന്ദിയും കാണികൾ കൈയടിയോടെ സ്വീകരിച്ചു. ഇവിടെയല്ല, അങ്ങ് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ. അന്തർദേശീയ നൃത്ത മത്സരത്തിൽ ഭാരതീയ ശാസ്ത്രീയ നൃത്തരൂപമായ കഥക് അവതരിപ്പിച്ച് ഫോക് ആൻഡ് എത്നിക് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ നീലേശ്വരം കരുവാച്ചേരി സൂര്യ നിവാസിലെ സൂര്യ ആകർഷ് അംഗീകാര നിറവിലാണ്. പ്രാഗിലെ അന്തർദേശീയ നൃത്തമത്സരത്തിലാണ് സൂര്യ അഭിമാന നേട്ടം കൈവരിച്ചത്. സൂര്യ ഉൾപ്പെടെ 17 പേരാണ് ടീമിലുണ്ടായിരുന്നത്. കേരളീയരായ നാല് നർത്തകിമാരിൽ ഉത്തര കേരളത്തിൽ നിന്ന് സൂര്യ മാത്രം. തൃശൂർ, എറണാകുളം സ്വദേശിനികളായിരുന്നു മറ്റ് മൂന്ന് പേർ. മൂന്ന് വർഷം കൊണ്ട് പഠിച്ച ചുവടുമായാണ് സൂര്യ മൂന്ന് ദിവസത്തെ നൃത്തോത്സവത്തിനെത്തിയത്. ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന തളിപ്പറമ്പ് സ്വദേശി പി ആകർഷിന്റെ ഭാര്യയാണ് സൂര്യ. വിവാഹശേഷം ബംഗളൂരുവിൽ താമസിക്കവെയാണ് കഥക് പരിശീലിച്ചത്. കിഡ്സീ പ്രീസ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്നതിനിടെ കോറമംഗലത്തെ സമം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കഥക് പഠിച്ചു. താമസിക്കുന്ന അപാർട്ട്മെന്റിൽ കഥക് പരിശീലനവും തുടങ്ങി. ഇതിനിടെയാണ് ഗുരു മുരാരി ശരൺ നയിക്കുന്ന ടീമിൽ അന്തർദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. സ്കൂൾ പഠന കാലത്ത് നൃത്താധ്യാപകൻ രാജു നീലേശ്വരത്തിന്റെ കീഴിൽ ഭരതനാട്യം അഭ്യസിച്ചിരുന്നു. പ്ല പഠന കാലത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ടിനും കോളേജ് യൂണിയൻ കലോത്സവത്തിൽ സ്കിറ്റിനും സമ്മാനം നേടിയിട്ടുണ്ട്. നീലേശ്വരം രാജാ റോഡിൽ സംഗീത ഫുട്വെയർ നടത്തുന്ന പി സുധാകരന്റെയും വി ഉഷയുടെയും മകളാണ്.
No comments