Breaking News

പനത്തടി വില്ലേജ് വിഭജിക്കണം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി


പനത്തടി: പനത്തടി വില്ലേജ് രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന് നിവേദനം നൽകി. ഏറ്റവും കൂടുതൽ ജനസംഖ്യയും 22,000 ഏക്കർ വിസ്തീർണ്ണവുമുള്ള പനത്തടി വില്ലേജ് രണ്ടായി വിഭജിച്ചാൽ, നിലവിൽ പൊതുജനങ്ങൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

അതോടൊപ്പം വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും ഡിജിറ്റൽ സർവേ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കാസർകോട് ഡി.സി.സി ഓഫീസിൽ വെച്ച്, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ സാന്നിധ്യത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. ജയകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സന്തു ടോം ജോസ് എന്നിവരാണ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് നേതാക്കൾക്ക് മന്ത്രി ഉറപ്പ് നൽകി.


No comments