Breaking News

കാത്തിരിപ്പ് അവസാനിച്ചു... പ്രതീക്ഷയുടെ വലയുമായി മത്സ്യത്തൊഴിലാളികൾ ആഴക്കടലിലേക്ക്


ചെറുവത്തൂർ : കാത്തിരിപ്പ് അവസാനിച്ചു. പ്രതീക്ഷയുടെ വലയുമായി മത്സ്യത്തൊഴിലാളികൾ ആഴക്കടലിലേക്ക്. 52 ദിവസം നീണ്ട ട്രോളിങ് നിരോധനം കഴിഞ്ഞ ദിവസം അർധരാത്രിയാണ് അവസാനിച്ചത്. കടലിലിറങ്ങിയാൽ വലിയ അളവിൽ മീൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രണ്ടു മാസത്തെ വറുതിയുടെ നാളുകൾ തള്ളിനീക്കിയ തൊഴിലാളികൾ. ശനിയാഴ്ചയോടെ മീനുമായി ബോട്ടുകൾ എത്തുന്നതോടെ ജില്ലയിലെ മീൻപിടിത്തെ തുറമുഖങ്ങളും മത്സ്യബന്ധന കേന്ദ്രങ്ങളും സജീവമാകും. അനുബന്ധ തൊഴിലാളികളും മീൻ കച്ചവടക്കാരും വലിയ പ്രതീക്ഷയിലാണ്. എന്നാൽ മീൻപിടിത്ത ബോട്ടുകൾ കടലിലിറങ്ങുന്പോൾ ചെറിയ ആശങ്കയുണ്ട്. പെട്ടെന്നുണ്ടായ കാലാവസ്ഥാമാറ്റം കാരണം പലയിടത്തും കടൽ ക്ഷോഭമുണ്ട്. അതിനാൽ ബോട്ടുകൾക്ക് കടലിൽ പോകുന്നതിന് അധികൃതരിൽനിന്ന് അനുമതിയും ആവശ്യമാണ്. എങ്കിലും കാലാവസ്ഥ ചതിക്കില്ലെന്ന പ്രതീക്ഷയിലാണ്. തുറമുഖത്തും
മത്സ്യബന്ധനകേന്ദ്രത്തിലും സമീപത്തുമുള്ള ഹോട്ടലുകളും മറ്റ് കടകളും സജീവമായി പ്രവർത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ജില്ലയിൽ നൂറിലധികം യന്ത്രവൽകൃത ബോട്ടുകളാണ് റജിസ്റ്റർ ചെയ്തത്. കടലിൽ ബോട്ടുകൾക്ക് ഇറങ്ങാൻ കഴിയുമെന്നും തിരിച്ച് നിറയെ മീനുകളുമായി എത്താമെന്നുമുള്ള പ്രതീക്ഷയിലാണ് ഇവർ.

No comments