Breaking News

അഖിൽ ജോയന്റെ മൃതദേഹം ഓഗസ്റ്റ് 23ന് ബെംഗളൂരുവിലെത്തും; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി


വെള്ളരിക്കുണ്ട് : ഉക്രൈനിൽ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ മരണപ്പെട്ട കാസർഗോഡ് സ്വദേശി അഖിൽ ജോയന്റെ മൃതദേഹം ഓഗസ്റ്റ് 23ന് ബെംഗളൂരുവിലെത്തുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ  എംപി അറിയിച്ചു.

ഉക്രൈനിൽ നിന്ന് റോഡ് മാർഗം മോൾഡോവയിലെ ചിസിനൗവിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് ഇസ്താംബുൾ വഴി തുർക്കി എയർലൈൻസ് വിമാനത്തിൽ ബെംഗളൂരുവിലേക്ക് കൊണ്ടുവരാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്ന് ഉക്രൈൻ എംബസിയിൽ നിന്ന് ഔദ്യോഗിക വിവരം ലഭിച്ചതായി എംപി പറഞ്ഞു. ഓഗസ്റ്റ് 21ന് രാത്രി യാത്ര തിരിക്കുന്ന മൃതദേഹം ഓഗസ്റ്റ് 23ന് രാത്രി 7.40ഓടെ ബെംഗളൂരുവിൽ എത്തുന്ന രീതിയിലാണ് നിലവിലെ വിമാന സമയക്രമമെന്നും അദ്ദേഹം അറിയിച്ചു.


അപകടം നടന്ന ദിവസം മുതൽ ഉക്രൈനിലെ ഇന്ത്യൻ എംബസി, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, നോർക്ക റൂട്ട്സ് എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയതായും എംപി വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് അഖിൽ ജോയന്റെ ദുഃഖിതരായ കുടുംബത്തിന് പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാനുള്ള അവസരം ഒരുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.


ബെംഗളൂരുവിൽ നിന്ന് റോഡ് മാർഗം മൃതദേഹം അഖിൽ ജോയന്റെ വീട്ടിലെത്തിക്കുന്നതിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നടത്തിവരികയാണെന്നും എംപി അറിയിച്ചു.അഖിൽ ജോയന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഒരിക്കൽ കൂടി പങ്കുചേരുന്നതായും എംപി അനുശോചനം രേഖപ്പെടുത്തി. 



No comments