Breaking News

ഗൃഹപ്രവേശനത്തിനൊരുങ്ങിയവീടിനടിയിലെ ഗർത്തം വലുതാകുന്നു

ബന്തടുക്ക: ഗൃഹപ്രവേശനത്തീയതി തീരുമാനിച്ചു, ഏവരെയും ക്ഷണിച്ചു... കൂലിപ്പണിയെടുത്ത് കിട്ടുന്നതിൽ മിച്ചം വെച്ച തുക ഉപയോഗിച്ചാണ് വീട് നിർമിച്ചത്. വീട്ടിൽ സമാധാനജീവിതം സ്വപ്നംകണ്ട് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ വീട് വാസയോഗ്യമല്ലെന്നറിഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി.

ഇങ്ങനെയൊരു ഗതി മറ്റാർക്കും വരുത്തരുതെന്നാണ് ഇപ്പോൾ പ്രാർഥന -വിവരിക്കുമ്പോൾ കെ.സദന്റെ വാക്കുകൾ സങ്കടത്താൽ ഇടറുന്നു. പണി പൂർത്തിയായ വീടിന് മധ്യത്തിലൂടെ ഭൂമിക്കടിയിൽ പൊടുന്നനെ വലിയ ഗർത്തം രൂപപ്പെട്ടതിന്റെ ഞെട്ടലും സങ്കടവും വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്തുണ്ട്. ദിവസവും വലിയൊരളവിൽ മണ്ണിടിഞ്ഞ് വിസ്താരം വർധിക്കുന്നു. കുറ്റിക്കോൽ പഞ്ചായത്ത് കരിവേടകം വില്ലേജ് ആനക്കല്ല് ഒറ്റമാവുങ്കാലിലെ കെ.സദൻ തന്റെ സ്ഥലത്ത് നിർമിച്ച വീടിന്റെ അടിയിലാണ് ഗർത്തം രൂപപ്പെട്ടത്. ഇതിലൂടെ വെള്ളം ഒഴുകുന്നുണ്ട്. കനത്ത മഴ പെയ്യുമ്പോൾ ഒഴുക്ക് ശക്തമാകുന്നു. വീടിന് പിൻഭാഗത്ത് മൂന്നാഴ്ച മുൻപ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കക്കൂസ് കുഴിയെടുക്കവെയാണ് ഗർത്തം രൂപപ്പെട്ടത്. കുഴിനിർമാണം രണ്ടുമീറ്റർ താഴ്ചയിലെത്തിയപ്പോൾ പൊടുന്നനെ മണ്ണ് താഴ്ന്ന് ഗർത്തം രൂപപ്പെടുകയായിരുന്നു. ഇത് ഉടൻ മണ്ണിട്ട് മൂടി. എന്നാൽ ഇതേ മണ്ണ് വീണ്ടും താഴ്ന്ന് വിസ്താരത്തിലും ആഴത്തിലും ഗർത്തം രൂപപ്പെടുകയായിരുന്നു. ഇതോടെയാണ് ശക്തമായി വെള്ളം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഗർത്തം അകത്ത് ഏറെ വിസ്താരമുണ്ട്. ചിലയിടങ്ങളിൽ മൂന്നാൾപൊക്കത്തിൽ വിടവുണ്ട്.

മൂന്നുവർഷം മുൻപാണ് വീട് നിർമാണം തുടങ്ങിയത്. 1350 ചതുരശ്ര അടി വിസ്താരമുള്ള ഒറ്റനില കോൺക്രീറ്റ് വീട്. വടക്കുഭാഗത്തേക്ക് ചരിവുള്ള കുന്നിൻ പ്രദേശമാണ്. വടക്കോട്ടാണ് വീടിന്റെ മുൻഭാഗം. തെക്കുഭാഗത്തുനിന്നാണ് വെള്ളത്തിന്റെ ഒഴുക്ക്.

വീടിനുതാഴെ 150 മീറ്ററോളം അകലെ തോട്ടത്തിലുള്ള കുളത്തിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. നിലവിൽ താമസിക്കുന്ന കുടുംബവീടിന് സമീപമാണ് പുതിയ വീട്. കാലങ്ങളായി കുടുംബം ഇതേ സ്ഥലത്താണ് താമസിക്കുന്നത്.

കെട്ടിടങ്ങൾക്ക് ടൈൽസ് പാകുന്ന പണിയാണ് സദന്.

നിർമാണാനുമതിക്കായി പഞ്ചായത്തിലേക്കുള്ള അപേക്ഷയ്ക്കായി പ്ലാൻ തയ്യാറാക്കാൻ മാത്രമാണ് എൻജിനീയറുടെ സഹായം തേടിയത്. സ്വന്തം മേൽനോട്ടത്തിലായിരുന്നു നിർമാണം. ഈ മാസം 28-ന് ഗൃഹപ്രവേശനം നടത്താൻ തീരുമാനിച്ചതായിരുന്നു. ശേഷമാണ് ഇങ്ങനെ സംഭവിച്ചത്.

അമ്മ കെ.നാരായണി, ഭാര്യ വി.കെ.രമ്യ, ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ മക്കൾ എസ്.ആദിൽദേവ്, എസ്.ആദിലക്ഷ്മി എന്നിവരും പുതിയ വീട്ടിൽ താമസിക്കുന്ന ദിവസങ്ങൾ സ്വപ്നം കണ്ടിരിക്കുകയായിരുന്നു. നാളിതുവരെയുള്ള സമ്പാദ്യമെല്ലാം വീടിനായി ചെലവഴിച്ചു. വീട്ടിലേക്ക് നോക്കുമ്പോഴെല്ലാം ഉള്ളിൽ വിങ്ങലാണ്, ഇനി എന്തുചെയ്യുമെന്നറിയാതെ...

No comments