മാവേലിയെത്തും, ഹരിത ഓണവും; വെസ്റ്റ് ഏളേരിയിൽ പഞ്ചായത്തിന്റെ പരിശോധന
ഭീമനടി : ഓണം, നബിദിനം ആഘോഷങ്ങൾക്ക് നാട് ഒരുങ്ങുന്നതിനിടെ ഹരിത ചട്ടം പാലിച്ചുള്ള ആഘോഷങ്ങൾ ഉറപ്പാക്കണമെന്ന് വെസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്ത് അധികൃതർ. ഓണത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വഴിയോര കച്ചവടക്കാരും വ്യാപാരികളും ഹരിത ചട്ടം പാലിച്ചുവേണം കച്ചവടം നടത്താൻ. ഇതുസംബന്ധിച്ച നിർദേശങ്ങൾ നേരത്തെ തന്നെ നൽകിയിരുന്നു.
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടുള്ള ആഘോഷമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. വ്യാപാര സ്ഥാപനങ്ങളിലും ആഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിലും മാലിന്യം തരംതിരിച്ച് കൃത്യമായി ബിന്നുകളിൽ നിക്ഷേപിക്കണമെന്നും പഞ്ചായത്ത് അധികൃതർ നിർദേശിച്ചു.
ഓണം, നബിദിനം ആഘോഷ പരിപാടികൾ ഹരിത ചട്ടം പാലിച്ച് നടത്തണം. പൂക്കളമിടൽ, ഓണസദ്യ എന്നിവയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കണം. കൃത്രിമ ശീതളപാനീയങ്ങൾക്ക് പകരം കരിക്കിൻവെള്ളം, നാടൻ മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കഴുകി വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ വിളമ്പണമെന്നും നിർദേശമുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ ഗ്ലാസുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ എന്നിവയിൽ ഭക്ഷണം വിളമ്പുന്നതും ഒഴിവാക്കണം. പ്ലാസ്റ്റിക് പായകൾ, ചവിട്ടികൾ, വിരിപ്പുകൾ എന്നിവയ്ക്ക് പകരം ഈറ, മുള, കയർ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച വസ്തുക്കൾ ഉപയോഗിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. അനുവിന്റെ നിർദേശപ്രകാരം വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി. അസിസ്റ്റന്റ് സെക്രട്ടറി നാസർ പി.പി., ഹെൽത്ത് ഇൻസ്പെക്ടർ രമ്യ എൻ., അനിൽകുമാർ, ജിതിൻ, ഷൈജു എൻ.വി. എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
No comments