“ചിമ്മിണിക്കൂട്; കൂട്ട് കൂടാം, കൂടെ പഠിക്കാം” ദശദിന സഹവാസ ക്യാമ്പ് സമാപിച്ചു
ഭീമനടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സാമൂഹ്യ പ്രവർത്തക വിഭാഗവും കേരള മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി ഒന്നാം വർഷ സാമൂഹ്യ പ്രവർത്തക ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ചിമ്മിണിക്കൂട്; കൂട്ട് കൂടാം, കൂടെ പഠിക്കാം” ദശദിന സഹവാസ ക്യാമ്പ് സമാപിച്ചു.
ആഗസ്റ്റ് 12ന് കുറ്റിത്താന്നിയിൽ ആരംഭിച്ച ക്യാമ്പിന്റെ ഔദ്യോഗിക സമാപന ചടങ്ങ് വ്യാഴാഴ്ച (ആഗസ്റ്റ് 20) വൈകിട്ട് 5.30ന് കുറ്റിത്താന്നി പ്രീമോഡേൺ നഴ്സറി സ്കൂളിൽ നടന്നു.
വിദ്യാർത്ഥി പ്രതിനിധി അനുശ്രീ വി.പി. സ്വാഗതം പറഞ്ഞു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ജിഷമോൾ ലോറൻസ് അധ്യക്ഷത വഹിച്ച ചടങ്ങ് കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി അജിൻ വി.എസ്. ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു.
റവറൻ്റ് ഫാദർ നിഖിൽ ജോൺ ആറ്റുകാരാൻ മുഖ്യാതിഥിയായി. പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സാമൂഹ്യ പ്രവർത്തക വിഭാഗം മേധാവി ഡോ. അനിത എ. ക്യാമ്പ് അവലോകനം നടത്തി.
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജനാർദ്ദനൻ, പഞ്ചായത്ത് മെമ്പർമാരായ അനിൽകുമാർ കെ.ഒ., മിനി രവീന്ദ്രൻ, കേരള മഹിളാ സമഖ്യ കാസർകോട് ജില്ലാ കോർഡിനേറ്റർ അസീറ, മുൻ വാർഡ് മെമ്പർ ജോയ് ജോസഫ്, മുൻ എസ്.ടി. പ്രമോട്ടർ സി.ആർ. മനോജ്, വൈവിധ്യ വായനശാല സെക്രട്ടറി പ്രസാദ് കെ., വിദ്യാർത്ഥി പ്രതിനിധികളായ അർച്ചന സിബി, നന്ദന എ.ജെ. എന്നിവർ ആശംസകൾ നേർന്നു.
ക്യാമ്പ് അധ്യാപക കോർഡിനേറ്റർ ഡോ. സ്വസ്തിക് എ.എസ്. കൃതജ്ഞത രേഖപ്പെടുത്തി. ക്യാമ്പിന്റെ വിജയത്തിനായി വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി അലീന കെ.എ. നന്ദി പറഞ്ഞു.
No comments