താൽക്കാലിക കെഎസ്ആർടിസി കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ; സംഭവം വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ
കാസർകോട് : ജോലി നഷ്ടപ്പെടുമെന്ന ഭീതിയെ തുടർന്നാണെന്നു പറയുന്നു, 18 വർഷമായി കെഎസ്ആർടിസി യിൽ താൽക്കാലിക കണ്ടക്ടറായി ജോലി ചെയ്തു വന്നിരുന്ന യുവാവ് കെട്ടിത്തൂങ്ങി മരിച്ചു. മുളിയാർ, മജക്കാറിലെ പരേതനായ മഹാലിംഗ പാട്ടാളിയുടെ മകൻ യോഗീഷ് കുമാർ (40) ആണ് പുതുതായി പണിത വീടിന് സമീപത്തെ ഷെഡിൽ തൂങ്ങിമരിച്ചത്.
കാസർകോട്-സുള്ള്യറൂട്ടിലാണ് യോഗീഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്നത്. ഇന്നലെ (തിങ്കൾ) രാവിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയതായിരുന്നു. യോഗീഷും മാതാവ് ബേബിയും മാത്രമാണ് വീട്ടിൽ താമസം. മാതാവ് ഇന്നലെ കാസർകോട് കേളുഗുഡ്ലെയിലെ വീട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മകനെ ഷെഡിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചു വിടുമെന്ന ഭീതിയാണ് യോഗീഷിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. അടുത്തിടെയാണ് പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി താമസം മാറ്റിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ആത്മഹത്യ. യോഗീഷിന്റെ ആകസ്മിക മരണം നാടിനെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. സഹോദരിമാർ: ജലജാക്ഷി, ശോഭ, അരുണാക്ഷി
No comments