പരപ്പയിലെ ബേക്കറി താൽക്കാലികമായി അടപ്പിച്ചു; ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പിന്റെ നടപടി
പരപ്പ: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പരപ്പയിലെ സ്വീറ്റി ബേക്കറിയിൽ നിന്ന് വാങ്ങിയ ബേക്കറി കേക്ക് കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്ന ആറോളം പേർ ചികിത്സ തേടിയ സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ അടിയന്തര പരിശോധന നടത്തി. പരിശോധനയിൽ ശുചിത്വത്തിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം താൽക്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
പൊതുജനാരോഗ്യ നിയമം-2023 പ്രകാരമാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിലെ ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണം, സംഭരണം, കൈകാര്യം, മാലിന്യ സംസ്കരണം, ജീവനക്കാരുടെ വ്യക്തിശുചിത്വം എന്നിവയിൽ കണ്ടെത്തിയ അപാകതകൾ ചൂണ്ടിക്കാട്ടി ഉടമയ്ക്ക് നോട്ടീസ് കൈമാറി. നോട്ടീസിൽ പരാമർശിച്ചിട്ടുള്ള എല്ലാ ന്യൂനതകളും പരിഹരിച്ചതായി ആരോഗ്യ വകുപ്പ് നേരിട്ട് ബോധ്യപ്പെട്ട് അനുമതി നൽകുന്നതുവരെ സ്ഥാപനം തുറന്ന് പ്രവർത്തിക്കരുതെന്ന് കർശന നിർദേശവും നൽകി.
അതേസമയം, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ബേക്കറിയിൽ നിന്ന് ബേക്കറി പലഹാരങ്ങളുടെയും കേക്കിന്റെയും സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്കായി അയക്കും.പരിശോധനാഫലം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് രോഗബാധിതരുടെ വിവരങ്ങളും ഭക്ഷ്യവിഷബാധയുടെ സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരികയാണ്.
No comments