നീലേശ്വരം-കാലിച്ചാനടുക്കം റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കണം ; പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന് നിവേദനം നൽകി
കാലിച്ചാനടുക്കം : നീലേശ്വരം-കാലിച്ചാനടുക്കം റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മുൻ ജനകീയ കമ്മിറ്റി ചെയർമാൻ മുസ്തഫ തായന്നൂർ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന് നിവേദനം നൽകി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദേശമടക്കമാണ് നിവേദനം നൽകിയത്.
കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് എടത്തോട് മുതൽ കാലിച്ചാനടുക്കം വരെയുള്ള 5.2 കിലോമീറ്റർ ഭാഗം മെക്കാഡം ചെയ്തിരുന്നു. തുടർന്ന് രണ്ടുകിലോമീറ്റർ കൂടി നവീകരിച്ചു. 2018- ൽ എൽ.ഡി.എഫ്. സർക്കാർ ബാക്കിയുള്ള ഭാഗം നവീകരിക്കാൻ കിഫ്ബി പദ്ധതിയിൽപ്പെടുത്തി 42 കോടി രൂപ അനുവദിച്ചിരുന്നു. കരാർനടപടികൾ പൂർത്തിയാക്കിയെങ്കിലും കരാറുകാരന്റെ അനാസ്ഥയെത്തുടർന്ന് 2018 മേയിൽ റിസ്ക് ആൻഡ് കോസ്റ്റിൽ കരാർ റദ്ദാക്കി.
നിലവിൽ 13 കിലോമീറ്ററോളം ഭാഗത്തെ പ്രവൃത്തിയാണ് പൂർത്തിയാക്കാനുള്ളത്. വീണ്ടും കരാർ നടപടികളിലേക്ക് കടന്നിട്ടുണ്ട്. എന്നാൽ അത് പൂർത്തീകരിച്ച് കരാർ അംഗീകരിച്ച് സെലക്ഷൻ നോട്ടീസ് നൽകാനുള്ള നടപടികളായിട്ടില്ല.
അതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക നിർദേശമടക്കമുള്ള നിവേദനം മന്ത്രിക്ക് കൈമാറിയത്. കരാർ നടപടികൾ ഉടൻ പൂർത്തിയാക്കി റോഡ് നവീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചതായി മുസ്തഫ തായന്നൂർ അറിയിച്ചു.
No comments