Breaking News

അപൂർവ വൃക്കരോഗം; കാസർകോട് സ്വദേശിക്ക് ആസ്റ്റർ മിംസിൽ പുതുജീവൻ


കാസർഗോഡ്: വൃക്കയ്ക്കുള്ളിൽ പടർന്നുപിടിക്കുന്ന അപൂർവവും ഗുരുതരവുമായ കിഡ്‌നി സ്റ്റോൺ ബാധിച്ച് അപകടത്തിലായ യുവാവിന് നൂതന ശസ്ത്രക്രിയയിലൂടെ പുതുജീവൻ. കാസർകോട് ആസ്റ്റർ മിംസിലെ യൂറോളജി വിഭാഗത്തിലെ വിദഗ്ധ മെഡിക്കൽ സംഘമാണ് അതീവ സങ്കീർണമായ ഓപ്പൺ നെഫ്രോലിത്തോട്ടമി ശസ്ത്രക്രിയയിലൂടെ 44-കാരന്റെ വൃക്ക പൂർണമായും തകരാറിലാകാതെ സംരക്ഷിച്ചത്.

വൈദ്യശാസ്ത്രത്തിൽ സ്റ്റാഗ്‌ഹോൺ കാൽക്കുലസ് എന്നറിയപ്പെടുന്ന അതീവ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. സാധാരണയായി കാണപ്പെടുന്ന കിഡ്‌നി സ്റ്റോണുകളിൽ നിന്ന് വ്യത്യസ്തമായി ധാതുക്കൾ കൊമ്പുകൾ പോലെ ശാഖകളായി വളർന്ന് വൃക്കയുടെ ഉൾഭാഗം പൂർണമായും നിറയുന്ന അവസ്ഥയാണിത്. പ്രാരംഭഘട്ടത്തിൽ രൂക്ഷമായ മൂത്രതടസ്സത്തിനും മാരകമായ അണുബാധയ്ക്കും വഴിവെക്കും. ശേഷം കല്ലുകൾ അതിവേഗം വളരുന്നതിനാൽ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കും. അത്തരത്തിൽ വൃക്ക പൂർണമായും തകരാറിലായി മുറിച്ചുമാറ്റേണ്ടി വരുമെന്ന ഘട്ടത്തിലാണ് രോഗി ആശുപത്രിയിൽ എത്തിയത്. എന്നാൽ ഈ വെല്ലുവിളി ഏറ്റെടുത്ത ആശുപത്രിയിലെ യൂറോളജി വിഭാഗം സമയോചിതമായ ഇടപെടലിലൂടെയും നൂതന ശസ്ത്രക്രിയയിലൂടെയും ആരോഗ്യം വീണ്ടെടുത്തു.

അത്യന്തം വെല്ലുവിളികളും സങ്കീർണതകളും നിറഞ്ഞ രോഗാവസ്ഥ ആയതിനാലാണ് യൂറോളജി വിഭാഗം വിദഗ്ദ്ധരായ ഡോ. രാകേഷ് ഷെട്ടിയുടെയും, ഡോ. ശിവപ്രസാദിന്റെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അഡ്വാൻസ്ഡ് ഓപ്പൺ നെഫ്രോലിത്തോട്ടമി ശസ്ത്രക്രിയ അവലംബിച്ചത്. വൃക്കയുടെ ഒരു ഭാഗം മാത്രം തുറന്ന് അതിലെ സൂക്ഷ്മമായ രക്തക്കുഴലുകൾക്കും പേശികൾക്കും യാതൊരു കേടുപാടും വരുത്താതെ അതിവിദഗ്ധമായാണ് കല്ലുകൾ പൂർണമായും നീക്കം ചെയ്തത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ വൃക്കയുടെ സ്വാഭാവിക പ്രവർത്തനം നിലനിർത്താൻ അനസ്തേഷ്യ വിഭാഗം ഡോ. അമീൻ ഗുൽഷാൻ അടങ്ങിയ മെഡിക്കൽ സംഘത്തിന് സാധിച്ചത്.  


ശരീരത്തിലെ സുപ്രധാന അവയവമായ വൃക്കയെ ബാധിക്കാതെ ഈ രോഗത്തെ നിർവീര്യമാക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. അത്യധികം അപകടസാധ്യത മുന്നിലുണ്ടായിരുന്നിട്ടും ശസ്ത്രക്രിയ പൂർണ്ണ വിജയത്തിലെത്തിക്കാനും രോഗിക്ക് സാധാരണ ജീവിതം തിരികെ നൽകാനും സാധിച്ചത് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ വലിയൊരു നേട്ടമാണെന്ന് ഡോ. രാകേഷ് ഷെട്ടി പറഞ്ഞു. 


ഗുരുതര രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെയും മറ്റ് പ്രമുഖ നഗരങ്ങളെയും ആശ്രയിച്ചിരുന്ന കാസർകോട്ടെ ജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി പരിചരണം സ്വന്തം നാട്ടിൽ തന്നെ ലഭ്യമാക്കുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് കാസർകോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി വ്യക്തമാക്കി. നവീനവും ശാസ്ത്രീയവുമായ ആതുരസേവന രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതോടൊപ്പം പ്രദേശത്തിന്റെ ആരോഗ്യ ആവശ്യങ്ങൾക്കുള്ള സമ്പൂർണ്ണ പരിരക്ഷ പ്രാദേശികമായി ഉറപ്പുവരുത്താൻ ആശുപത്രി മാനേജ്‌മെന്റ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും, സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ സുഖം പ്രാപിച്ച രോഗി ആശുപത്രി വിട്ടതായും അധികൃതർ അറിയിച്ചു.

No comments