Breaking News

നൂറുമേനി വിളവുമായി കോടോം ബേളൂർ ആലത്തടി മുക്കോട്ടെ കർഷക ദമ്പതികൾ


ഒടയംചാൽ : ആലത്തടി മുക്കോട് കോടോം-ബേളൂർ പഞ്ചായത്തിലെ കർഷക ദമ്പതികളായ കെ.വി. ബാലകൃഷ്ണനും സി.കെ. അംബികയും 80 സെന്റ് സ്ഥലത്ത് കൃഷിയിറക്കി നൂറുമേനി വിളവ് നേടി. സ്വന്തം സ്ഥലത്തിന് പുറമെ പാട്ടത്തിനെടുത്ത സ്ഥലത്തും ഇവർ കൃഷി ചെയ്യുന്നുണ്ട്.

മൂന്നുവർഷം കൊണ്ട് കായ്ക്കുന്ന കമുക്, തെങ്ങ് എന്നിവയ്ക്കൊപ്പം വിവിധയിനം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഇവരുടെ കൃഷിയിടത്തിലുണ്ട്. ചേമ്പ്, ചേന, വെണ്ട, കക്കിരി, ഞരമ്പൻ, പാവയ്ക്ക, വഴുതനങ്ങ, ഇഞ്ചി തുടങ്ങിയവയെല്ലാം മികച്ച വിളവാണ് നൽകുന്നത്.

കൃഷിയോടുള്ള ആത്മാർത്ഥതയാണ് ഈ ദമ്പതികളുടെ വിജയത്തിന് പിന്നിൽ. രാവിലെ നാലുമണിയോടെ തന്നെ ബാലകൃഷ്ണൻ കൃഷിയിടത്തിലെത്തും. അധ്വാനത്തിനൊപ്പം കൃഷിയോടുള്ള താൽപര്യവും ഇവരുടെ കൃഷിയിടത്തെ വേറിട്ടതാക്കുന്നു.

എന്നാൽ പക്ഷികളുടെയും കാട്ടുപന്നികളുടെയും ശല്യം വിളകൾക്ക് വലിയ നാശമുണ്ടാക്കുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞവർഷം കൃഷിഭവനിൽ നിന്ന് കുറച്ച് സാമ്പത്തിക സഹായം ലഭിച്ചിരുന്നെങ്കിലും ഈ വർഷം ഇതുവരെ ഫണ്ട് ലഭിച്ചിട്ടില്ലെന്നും ബാലകൃഷ്ണൻ പറയുന്നു.

കൃഷിയിലേക്ക് കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും കൃഷിഭവന്റെ ഭാഗത്തുനിന്ന് കൂടുതൽ സഹകരണം ഉണ്ടാകണമെന്നാണ് ബാലകൃഷ്ണന്റെ ആവശ്യം.

രണ്ടു മക്കളാണ് ബാലകൃഷ്ണൻ–അംബിക ദമ്പതികൾക്കുള്ളത്. ശ്രുതി കെ.വി., ജിത്തു കെ.വി. എന്നിവരാണ് മക്കൾ.

പ്രതിസന്ധികൾക്കിടയിലും കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മുന്നേറുകയാണ് ഈ കർഷക ദമ്പതികൾ. അവരുടെ കൃഷിയിടത്തിലെ നൂറുമേനി വിളവ് നാട്ടിലെ മറ്റ് കർഷകർക്കും പ്രചോദനമാകുകയാണ്.

No comments