Breaking News

കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാന്‍ വിളിച്ചുവരുത്തി; വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി: 3 പേര്‍ കുമ്പള പോലീസിന്റെ പിടിയിൽ


കടം വാങ്ങിയ പണം തിരികെത്തരാമെന്ന് പറഞ്ഞ് വ്യാപാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കിടപ്പുമുറിയില്‍ പൂട്ടിയിട്ട് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പണവും കാറും എടിഎം കാര്‍ഡുകളും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുബണൂര്‍ സ്വദേശിനി റിസ്വാന (28), ഇവരുടെ ഭര്‍ത്താവ് ഹസന്‍ ആസിഫ് (33), മൊഗ്രാല്‍ സ്വദേശിയും ഇപ്പോള്‍ അഡ്കയിലെ താമസക്കാരനുമായ മുഹമ്മദ് സിറാജ് (32) എന്നിവരെയാണ് കുമ്പള എസ്‌ഐ അനൂപും സംഘവും പിടികൂടിയത്.

മംഗല്‍പാടി മുട്ടം ബങ്കര സാരംഗ് മന്‍സിലിലെ വ്യാപാരിയായ ഖാദര്‍ മുഹമ്മദിന്റെ (64) പരാതിയിലാണ് നടപടി. കടയില്‍ ജോലി ആവശ്യപ്പെട്ടെത്തിയ റിസ്വാന, സാമ്പത്തികമായി വലിയ കഷ്ടപ്പാടിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹം 1500 രൂപ കടമായി നല്‍കിയിരുന്നു. ഈ പണം തിരികെ നല്‍കാമെന്നു പറഞ്ഞ് ഈ മാസം 16ന് രാത്രി 7.30നാണ് ഇയാളെ റിസ്വാന താമസിക്കുന്ന കുബണൂരിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ ഖാദര്‍ മുഹമ്മദിനെ മറ്റ് പ്രതികളായ മുഹമ്മദ് സിറാജും ഹസ്സന്‍ ആസിഫും ചേര്‍ന്ന് തടഞ്ഞുവച്ച് ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. ഭീഷണിപ്പെടുത്തി ഫോട്ടോകളും വിഡിയോകളും മൊബൈലില്‍ പകര്‍ത്തി. ഇതിനുശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും 1500 രൂപയും കാറിന്റെ താക്കോലും കൈക്കലാക്കി. കാറില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും 2 എടിഎം കാര്‍ഡുകളും സംഘം കവര്‍ന്നു.

തുടര്‍ന്ന് ഭീഷണിപ്പെടുത്തി എടിഎം പിന്‍നമ്പര്‍ മനസ്സിലാക്കിയ പ്രതികള്‍ അക്കൗണ്ടില്‍നിന്ന് 7200 രൂപ പിന്‍വലിച്ചു. പിറ്റേദിവസം മുഹമ്മദ് സിറാജ് ഖാദര്‍ മുഹമ്മദിന്റെ കടയിലെത്തി ഭീഷണിപ്പെടുത്തി 5000 രൂപ കൂടി വാങ്ങി. പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത പൊലീസ് 3 പ്രതികളെയും പിടികൂടുകയായിരുന്നു. 


No comments