അതീവ ഗുരുതരാവസ്ഥയിലായ നവജാത ശിശുവിന് പുതുജീവൻ നൽകി കാസർകോട് ആസ്റ്റർ മിംസ്
കാസർകോട്: ശ്വാസകോശ സംബന്ധമായ തകരാറ് സംഭവിച്ച നവജാത ശിശുവിന് ആധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി കാസർകോട് ആസ്റ്റർ മിംസിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം. പ്രസവസമയത്ത് ഗർഭപാത്രത്തിലുണ്ടായ സമ്മർദ്ദം മൂലം കുഞ്ഞ് വിസർജ്യം ശ്വാസകോശത്തിലേക്ക് വലിച്ചെടുക്കുന്ന അവസ്ഥയായ മെക്കോണിയം ആസ്പിരേഷൻ സിൻഡ്രോം ബാധിച്ച കുഞ്ഞിനെയാണ് ഇൻഹേൽഡ് നൈട്രിക് ഓക്സൈഡ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആശുപത്രിയിലെ നിയോനാറ്റോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളുടെ സമയോചിതമായ ഇടപെടലാണ് അതിസങ്കീർണ്ണമായ ഈ അവസ്ഥയിൽ നിന്ന് കാസർകോട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ പ്രത്യേക സൗകര്യങ്ങളുള്ള എൻ.ഐ.സി.യു ആംബുലൻസിന്റെയും ട്രാൻസ്പോർട്ട് വെന്റിലേറ്ററിന്റെയും സഹായത്തോടെ മെഡിക്കൽ സംഘം അതിവേഗം കാസർഗോഡ് ആസ്റ്റർ മിംസിൽ എത്തിക്കുകയായിരുന്നു. ഗർഭപാത്രത്തിൽ വെച്ചുണ്ടാകുന്ന സമ്മർദമോ മറ്റ് ബുദ്ധിമുട്ടുകൾ നേരിടുമ്പോഴോ ആണ് കുഞ്ഞ് ഗർഭപാത്രത്തിൽ വെച്ച് തന്നെ വിസർജ്ജനം നടത്തുകയും അത് ശ്വാസകോശത്തിൽ എത്തുകയും ചെയ്യുന്നതാണ് ഈ അവസ്ഥക്ക് കാരണം. ഇത് കുഞ്ഞിന്റെ ശ്വാസകോശ പ്രവർത്തനത്തെ പൂർണ്ണമായും തടസ്സപ്പെടുത്തുന്നു.
ശ്വസനതടസ്സം കാരണം അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സങ്കീർണ്ണവും എന്നാൽ അത്യാധുനികവുമായ ചികിത്സാരീതികളാണ് നിയോനറ്റോളജിസ്റ്റ് ഡോ. ചൈത്രയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അവലംബിച്ചത്. ശ്വാസകോശത്തിൽ വിസർജ്യം അടിഞ്ഞുകൂടി ഓക്സിജൻ ലഭിക്കാതെ വന്നതോടെ കുഞ്ഞിന്റെ ശ്വാസകോശത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തസമ്മർദ്ദം ക്രമാതീതമായി ഉയരുകയും ചെയ്തിരുന്നു. ഇതിനായി സാധാരണ വെന്റിലേറ്ററുകൾക്ക് പകരം അധികമായി ശ്വാസമെടുക്കാൻ സഹായിക്കുന്ന പ്രത്യേക ഹൈ ഫ്രീക്വൻസി ഓസിലേറ്ററി വെന്റിലേറ്റർ ഉപയോഗിച്ച് കുഞ്ഞിന്റെ ശ്വാസകോശത്തെ താങ്ങിനിർത്തിയത്. തുടർന്ന് ഇൻഹേൽഡ് നൈട്രിക് ഓക്സൈഡ് ചികിത്സയിലൂടെ നൽകുന്ന നൈട്രിക് ഓക്സൈഡ് വാതകം ശ്വാസകോശത്തിലെ ചുരുങ്ങിപ്പോയ രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഓക്സിജൻ രക്തത്തിലേക്ക് ശരിയായ രീതിയിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു.
അത്യാധുനിക സാങ്കേതികവിദ്യയും നിരന്തരമായ തീവ്രപരിചരണവും ചേർന്നതോടെ കുഞ്ഞിന്റെ ശ്വസനപ്രക്രിയ പൂർണ്ണമായും സാധാരണ നിലയിലാവുകയായിരുന്നു. നിയോനാറ്റോളജി വിഭാഗം ഡോ. ഉദയ് ശ്രീനിവാസ്, പീഡിയാട്രിക് വിഭാഗം ഡോ. മുഹമ്മദ് നബീൽ, ഡോ. ജുമാന മെഹജാബിൻ, പീഡിയാട്രിക് ഇന്റെർവെൻഷനിസ്റ്റ് അപർണ .കെ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. ചികത്സക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായ കുഞ്ഞ് ആശുപത്രി വിട്ടു.
ഗർഭകാലത്തും പ്രസവസമയത്തും അമ്മയ്ക്കും കുഞ്ഞിനും അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കാസർഗോഡ് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി പ്രതികരിച്ചു. പ്രസവസമയത്ത് ഏത് നിമിഷവും സങ്കീർണ്ണതകൾ ഉണ്ടാകാം. ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാനും ജീവൻ രക്ഷിക്കാനും ഏറ്റവും മികച്ച നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആശുപത്രികളിൽ സജ്ജമായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയിൽ കാസർകോട് ജില്ല നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുക എന്നതാണ് കാസറഗോഡ് ആസ്റ്റർ മിംസ് ലക്ഷ്യമാക്കുന്നത്. ജില്ലയിലെ ജനങ്ങൾക്ക് മികച്ച ചികിത്സയ്ക്കായി വിദൂര നഗരങ്ങളെ ആശ്രയിക്കാതെ അത്യാധുനിക ചികിത്സാസൗകര്യങ്ങൾ കാസർഗോഡ് തന്നെ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ വിജയമാണ് ഈ നേട്ടമെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
No comments