Breaking News

പടന്നക്കാട് നെഹ്റു കോളേജിൽ പരീക്ഷ, തായന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ താലികെട്ട്... രണ്ടും ഒരുമിച്ച് നിർവഹിച്ച് നവവധു



കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്റു കോളേജിൽ പരീക്ഷ, തായന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ താലികെട്ട്.., പരീക്ഷ, താലികെട്ട്. താലികെട്ട് പരീക്ഷ... ആദ്യത്തേത് ജീവിതവിജയത്തിനുള്ളതും രണ്ടാമത്തേത് ദാമ്പത്യ വിജയത്തിലേക്കുള്ള ചുവടുവെപ്പും... രണ്ടും ഒരേപോലെ പ്രധാനപ്പെട്ടതായതുകൊണ്ട് രണ്ടും ഒരുമിച്ച് നിർവഹിച്ച് നവവധു.

തായന്നൂർ ചിറ്റിക്കോട്ട് സായി സദനത്തിലെ കെ. ഉണ്ണിക്കൃഷ്ണന്റെയും പി. രാഗിണിയുടെയും മകൾ പി. അശ്വതിയാണ് പരീക്ഷാഹാളിലെ ക്ഷീണം തീരുംമുൻപ് കതിർമണ്ഡപത്തിലെത്തി സുമംഗലിയായത്. വിവാഹദിനത്തിന് ഒരാഴ്ച മുൻപാണ് മാറ്റിവെച്ച എം.കോം. പരീക്ഷ വിവാഹനാളിൽ നടത്തുന്നതായി അറിയിപ്പ് വന്നത്. പരീക്ഷ എഴുതിയേതീരൂ എന്ന വധുവിന്റെ താത്പര്യത്തിന് വരനും ഇരുവീട്ടുകാരും സമ്മതം മൂളിയതോടെ തിടുക്കത്തിൽ പരീക്ഷയെഴുതി മുഹൂർത്തം തെറ്റാതെ കതിർമണ്ഡപത്തിലെത്തി താലികെട്ടും പൂർത്തിയാക്കി. കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം എം.കോം. നാലാം സെമസ്റ്ററിലെ മാനേജ്മെന്റ് ഒപ്റ്റിമൈസേഷൻ ടെക്നിക് എന്ന പേപ്പറിന്റെ പരീക്ഷ ഓഗസ്റ്റ് രണ്ടിനായിരുന്നു നടക്കേണ്ടിയിരുന്നത്. കാലവർഷം ശക്തമായതിനെ തുടർന്ന് അന്നത്തെ പരീക്ഷ മാറ്റിവെച്ചു. ഇതിനിടെ നേരത്തെ നിശ്ചയിച്ചത് പ്രകാരം വിവാഹ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. ഒരാഴ്ച മുൻപാണ് വിവാഹനാളിലാണ് പരീക്ഷയെന്ന അറിയിപ്പ് വന്നത്.
പരീക്ഷയെഴുതിയേതീരൂ എന്ന അശ്വതിയുടെ താത്പര്യത്തിന് പിന്തുണയുമായി ബെംഗളൂരുവിൽ ജിം പരിശീലകനായ വരൻ കെ. ഹരികൃഷ്ണനും ഇരുവീട്ടുകാരും കൂടെ നിന്നു. അരിയുഴിയൽ ചടങ്ങ് വിവാഹത്തലേന്നുതന്നെ പൂർത്തിയാക്കി. ഞായറാഴ്ച പുലർച്ചെ മാതാപിതാക്കൾ നെറുകയിൽ അരി നുള്ളിയിട്ട് അനുഗ്രഹിച്ചയച്ചു. അച്ഛനും സഹോദരനുമൊപ്പം കാറിൽ വെള്ളിക്കോത്തെത്തി വധുവിനുള്ള മേക്കപ്പ് പൂർത്തിയാക്കി രാവിലെ ഒൻപതിന് പരീക്ഷാകേന്ദ്രമായ പടന്നക്കാട് നെഹ്റു കോളേജിലേക്ക് പുറപ്പെട്ടു. അധികൃതർ ഒരുക്കിയ പ്രത്യേക സൗകര്യത്തിൽ തിടുക്കത്തിൽ പരീക്ഷയെഴുതി പൂർത്തിയാക്കി. 11.30-ഓടെ തായന്നൂർ അമ്പലത്തിലെ കതിർമണ്ഡപത്തിലെത്തി. 11.30-12.05 മധ്യേയായിരുന്നു
വിവാഹമുഹൂർത്തം. പറക്കളായി വയമ്പിൽവീട്ടിലെ പി.
ബാലഗോപാലന്റെയും കെ. ജയയുടെയും മകനാണ് വരൻ
ഹരികൃഷ്ണൻ. പാണത്തൂർ ജി.ഡബ്ല്യു.എച്ച്.എസിൽ താത്കാലിക അധ്യാപികയാണ് വധു പി. അശ്വതി.

No comments