ഗുരുപുരത്തപ്പനെ തിടമ്പേറ്റാന്‍ ഇനി യന്ത്ര ആന 'ഗുരുപുരം അര്‍ജുനന്‍'; സമര്‍പ്പണം ഉത്രാട നാളില്‍
കാഞ്ഞങ്ങാട് : ഗുരുപുരത്തപ്പന്റെ തിടമ്പേറ്റാൻ ഇനി യന്ത്ര ആന. 'പെറ്റ' ഇന്ത്യയുമായി ചേർന്ന് തെന്നിന്ത്യൻ ചലച്ചിത്ര താരം റിച്ച ചദ്ദ ആണ് ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ നൽകുന്നത്. ഉത്രാട നാളിൽ രാവിലെ 10ന് ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന
ചടങ്ങിൽ യന്ത്ര ആന 'ഗുരുപുരം അർജുനനെ' ക്ഷേത്രത്തിലേക്ക് സമർപ്പിക്കും. നടി റിച്ച ചദ്ദയും തന്ത്രി ഇരിവൽ കൃഷ്ണദാസ് വാഴുന്നവരും ചേർന്നാണ് ആനയെ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്.
ജില്ലയിൽ ആദ്യമായാണ് ഒരു യന്ത്ര ആനയെ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. 11 അടി ഉയരവും 800 കിലോ ഭാരവും യന്ത്ര ആനയ്ക്കുണ്ട്. മോട്ടറുകളുടെ സഹായത്തോടെ തലയും കണ്ണും വായയും ചെവിയും വാലും ചലിപ്പിക്കും. 5 മോട്ടറുകൾ ഉപയോഗിച്ചാണ് ഇവ ചലിപ്പിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാൽ തുമ്പിക്കൈയിൽ നിന്നു വെള്ളവും ചീറ്റും. 4 പേർക്കു ആനപ്പുറത്ത് ഇരിക്കാനാകും. ഇരുമ്പു കൊണ്ടുള്ള ചട്ടക്കൂടിന് പുറത്ത് റബ്ബർ ഉപയോഗിച്ചാണ് ആനയെ നിർമിച്ചത്. 5 ലക്ഷം രൂപയാണ് നിർമാണ ചെലവ്. ചടങ്ങുകളിലും എഴുന്നള്ളത്തിലും യഥാർഥ ആനയ്ക്ക് പകരമായി യന്ത്ര ആനയെ ഉപയോഗിക്കാനാകും. തൃശൂർ ജില്ലയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് കേരളത്തിൽ ആദ്യമായി യന്ത്ര ആനയെ നടയിരുത്തിയത്. പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (പെറ്റ) എന്ന മൃഗസംരക്ഷണ സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. ആവശ്യമെങ്കിൽ മറ്റ് ക്ഷേത്രങ്ങളിലേക്കും ആനയെ തിടമ്പേറ്റാനായി നൽകുമെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.
അന്നേ ദിവസം രാവിലെ 9ന് കാഴ്ചക്കുല സമർപ്പണവും നടക്കും. പരിപാടിയാൽ സംസ്ഥാന കർഷക അവാർഡ് ജേതാവ് കെ. സാവിത്രി മീങ്ങോത്തിനെ ചടങ്ങിൽ ആദരിക്കും. ചെണ്ടമേളവും ബേളൂർ ശിവക്ഷേത്ര മാതൃ സമിതിയുടെ തിരുവാതിരയും അരങ്ങേറും. വാർത്ത സമ്മേളനത്തിൽ ക്ഷേത്ര പ്രസിഡന്റ് കുഞ്ഞിരാമൻ അയ്യങ്കാവ്, ജനറൽ സെക്രട്ടറി കെ.കെ.റാം, വൈസ് പ്രസിഡന്റുമാരായ ബാബു പാടിയിൽ, പ്രിയേഷ് പാടിയിൽ, ട്രഷറർ രാജീവൻ ഗുരുപുരം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയറാം ചന്ദ്രൻ, തമ്പാൻ പാടിയിൽ, മാതൃസമിതി സെക്രട്ടറി ഗിരിജ അറങ്കോടൽ എന്നിവർ അറിയിച്ചു.
No comments