13 ലക്ഷം ഫോളോവേഴ്സുള്ള വനിതാ ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു
ലാഹോർ: പാകിസ്ഥാനിൽ സാമൂഹ്യ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസറായ യുവതിയെ വെടിവച്ചുകൊന്നു. 13 ലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എട്ട് മാസത്തിനുള്ളിൽ പാകിസ്ഥാനിൽ ഇത്തരത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഷംസോ ബീബി എന്ന ഇരുപത്തെട്ടുകാരി. സാമൂഹ്യ മാധ്യമങ്ങളിൽ ഐഷ ഗിലാമന എന്ന പേരിൽ അറിയപ്പെടുന്ന ഷംസോ ബീബി പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14നാണ് ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയുള്ള ടാക്സില നഗരത്തിൽ വെച്ച് കൊല്ലപ്പെട്ടത്. സഹോദരങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കഴുത്തിന് വെടിയേറ്റ ഷംസോ ബീബി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. വെടിവെയ്പിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനത്തിൽ ഇടിച്ചു കയറുകയും ചെയ്തതോടെ ഷംസോയുടെ 15 വയസ്സുള്ള സഹോദരി അസീമയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറിന് നേരെ ബൈക്കിലെത്തിയവർ അതിവേഗം വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
No comments