Breaking News

മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം: പനത്തടിയിൽ ജനജാഗ്രത സമിതി യോഗം ചേർന്നു


പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് ജനജാഗ്രത സമിതി യോഗം പഞ്ചായത്ത് ഓഫീസ് ഹാളിൽ വച്ച് ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ച യോഗം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാഹുൽ കെ. ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്തിൽ നടപ്പിലാക്കിയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ വാർഡ് മെമ്പർമാർ, വനസംരക്ഷണ സമിതി അംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉന്നയിച്ച സംശയങ്ങൾക്ക് റേഞ്ച് ഫോറസ്റ്റ് ഓഫീസർ, പനത്തടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്), മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ബാബു എന്നിവർ മറുപടി നൽകി.


പ്രധാന തീരുമാനങ്ങളും അറിയിപ്പുകളും:


 • കാട്ടുപന്നി ശല്യം: പഞ്ചായത്തിൽ ഷൂട്ടർമാരുടെ കുറവുള്ളതിനാൽ പുറത്തുനിന്നുള്ള ഷൂട്ടർമാരെ എത്തിച്ച് പൊതുജന പങ്കാളിത്തത്തോടെ പന്നിശല്യം നിയന്ത്രിക്കും. കൂടാതെ, നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് പരിധിയിൽ പുതിയ ഷൂട്ടർമാർക്ക് ലൈസൻസ് നൽകാനും തീരുമാനമായി.


 • ആനശല്യത്തിനെതിരെ നടപടി: 

    സോളാർ തൂക്കുവേലി കടന്നുപോകുന്ന ഭാഗങ്ങളിൽ ഡ്രഞ്ച് (കിടങ്ങ്) നിർമിച്ചോ കരിങ്കൽ പാകിയോ ആനശല്യം കുറയ്ക്കും.


 • തൂക്കുവേലി നിർമാണം:

       കല്ലപ്പള്ളി തൂക്കുവേലിയുടെ നിർമാണം മഴ മാറുന്നതോടെ പുനരാരംഭിക്കും. ജോണി എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കൽ പൂർത്തിയാകുന്നതോടെ ഇതിന്റെ പണികൾ തുടങ്ങും.


 • വിസ്ത ക്ലിയറിങ്: 

    സുള്ള്യ റോഡിലെ പരിയാരം ഗഡി മുതൽ ദൊഡ്ഡമന കല്ലപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശത്തും 10 മീറ്റർ വീതിയിൽ 'വിസ്ത ക്ലിയറിങ്' (കാടുവെട്ടി മാറ്റൽ) നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.


 • വാർഡ് തല യോഗങ്ങൾ: സോളാർ തൂക്കുവേലിയുമായി ബന്ധപ്പെട്ട് 14, 15, 16 വാർഡുകളിൽ ഉടൻ ജനജാഗ്രത സമിതി യോഗങ്ങൾ ചേരും. താന്നിക്കൽ, പുളിങ്കോച്ചി, ചെമ്പൻവയൽ ഭാഗങ്ങളിലെ തൂക്കുവേലി നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും ആരും ടെൻഡർ ഏറ്റെടുത്തിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.


യോഗത്തിൽ വൈസ് പ്രസിഡണ്ട് പദ്മകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ബി രതീഷ്, വിവിധ വാർഡ് മെമ്പർമാർ, വകുപ്പ് ഉദ്യോഗസ്ഥർ, വി.എസ്.എസ് അംഗങ്ങൾ, പി.ആർ.ടി അംഗങ്ങൾ, സെക്ഷൻ സ്റ്റാഫ് എന്നിവർ പങ്കെടുത്തു. പനത്തടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) രാജു എം.പി കൃതജ്ഞത രേഖപ്പെടുത്തി.


No comments