Breaking News

ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി പുതിയ ഓഫീസ് തുറന്നു; കള്ളാർ കുട്ടിക്കാനം ഗോത്ര കുടുംബങ്ങൾക്ക് ഉടൻ ഭൂമി നൽകണമെന്ന് ആവശ്യം


പരപ്പ: കേരള ആദിവാസി കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പരപ്പയിൽ ജില്ലാ പ്രസിഡന്റ് പി.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന ജില്ലാ ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ജനാർദ്ദനൻ ചേമ്പേന, കണ്ണൻ മാളൂർകയം, എച്ച്. മാധവൻ ചുള്ളി, പി. രാഘവൻ അരിക്കല്ല്, കെ.സി. കുഞ്ഞികൃഷ്ണൻ, സി. കൃഷ്ണൻ, മോഹനൻ, എം. മോഹനൻ കൊറത്തിക്കല്ല്, പ്രസന്ന പയാളം, ബളാൽ പഞ്ചായത്ത് മെമ്പർ ശ്യാമള, നാരായണി പയാളം, സുമിത ചീമുള്ളടുക്കം, പ്രഭാകരൻ കള്ളാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി രാജീവൻ സ്വാഗതം പറഞ്ഞു.

കുട്ടിക്കാനം ഗോത്ര കുടുംബങ്ങൾക്ക് ഭൂമി ഉടൻ നൽകണം

കാസർഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെടുന്ന കുട്ടിക്കാനം, മുണ്ടമാണി ഊരുകളിലെ ഗോത്രനിവാസികളുടെ പുനരധിവാസം അടിയന്തരമായി പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വാസയോഗ്യമായ വീടും സ്ഥലവും നൽകുമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്ന് ഭൂമി കണ്ടെത്തുകയും ആവശ്യമായ വാല്യുവേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടും നാളിതുവരെ ഭൂമി അളന്ന് രേഖ കൈമാറിയിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശത്താണ് കുടുംബങ്ങൾ കഴിയുന്നത്. മഴക്കാലമാകുമ്പോഴെല്ലാം ഇവരെ കുടിയിറക്കി മാറ്റി താൽക്കാലിക സംരക്ഷണം നൽകുന്ന രീതിക്ക് പകരം, കണ്ടെത്തിയ ഭൂമിയുടെ രേഖകൾ ഉടൻ കൈമാറി സ്ഥിരതാമസം ഉറപ്പാക്കണമെന്ന് ആദിവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

No comments