Breaking News

പരപ്പ ശ്രീ തളീക്ഷേത്രത്തിൽ നിറ മഹോത്സവം


പരപ്പ : കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ നിറ മഹോത്സവം പരപ്പ ശ്രീ തളീക്ഷേത്രത്തിൽ ഭക്തിനിർഭരമായി ആചരിച്ചു.

വട്ടാപ്പലം, ആൽ, അരയാൽ, അത്തി, പ്ലാവ്, മാവ്, ഇത്തി, നെല്ലി, കായൽ, പൊലിവള്ളി, വെള്ളൂല, കമ്മട്ട, കാഞ്ഞിരം, ശൂദ്രവള്ളി തുടങ്ങിയ വിവിധ സസ്യങ്ങളുടെ ഇലകളും നിറകതിരുകളും ശുദ്ധീകരിച്ച് ഭഗവാനു മുന്നിൽ സമർപ്പിച്ചു. നാമജപങ്ങളുടെയും ശംഖ–മണിനാദങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രമേൽശാന്തിയുടെ കാർമികത്വത്തിൽ പൂജ നടത്തി.

തുടർന്ന് ഇലക്കെട്ടുകളുടെ മധ്യഭാഗത്ത് കതിരോലം വരുന്ന രീതിയിൽ തെങ്ങിൻപാന്തം ഉപയോഗിച്ച് മുറുകെ കെട്ടി നിറയോലകൾ തയ്യാറാക്കി. പൂജിച്ച നിറയോലകൾ ഭക്തജനങ്ങൾ വീടുകളിലെ പൂജാമുറി, ഫലവൃക്ഷങ്ങൾ, തൊഴുത്ത്, കിണർ, അടുക്കള തുടങ്ങിയ വിശേഷപ്പെട്ട ഇടങ്ങളിൽ കെട്ടി കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി പ്രാർത്ഥിച്ചു.

ക്ഷേത്രത്തിൽ നിന്ന് നിറയോലകളുമായി എത്തുന്ന ഭക്തരെ “നിറ നിറ നിറ നിറ” എന്ന വിളിയോടെ പടിഞ്ഞാറ്റയിൽ ദീപം തെളിച്ച് സ്വീകരിക്കുന്ന ചടങ്ങും നിറ മഹോത്സവത്തിന്റെ ഭാഗമായി നടന്നു.

പാരമ്പര്യ കാർഷിക സംസ്കാരവും ക്ഷേത്രാചാരങ്ങളും ഒത്തുചേരുന്ന നിറ മഹോത്സവത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

No comments