ചുവർചിത്രകലയുടെ വർണവസന്തവുമായി കെ.ആർ.സി. തായന്നൂർ; പൂനെയിൽ ‘വർണയാത്ര’
രാജപുരം: കേരളീയ ചുവർചിത്രകലയുടെ അനശ്വര ലാവണ്യം മഹാരാഷ്ട്രയിലെ കലാസ്വാദകരിലേക്ക് എത്തിക്കാൻ കെ ആർ സി തായന്നൂർ ഒരുങ്ങുന്നു. ഇദ്ദേഹം സ്ഥാപിച്ച 'ആകൃതി സ്കൂൾ ഓഫ് ആർട്സിന്റെ' പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പുണെയിലെ പ്രശസ്തമായ രാജാ രവിവർമ്മ ആർട്ട് ഗാലറിയിലാണ് 'വർണയാത്ര' എന്ന പേരിൽ ഏകാങ്ക ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. 29 മുതൽ ഒക്ടോബർ 4 വരെയുള്ള ഈ കലാവിരുന്നിൽ, വിവിധ ക്യാൻവാസുകളിലായി 500 ചതുരശ്രയടി വിസ്തൃതിയിൽ തീർത്ത നൂറോളം മ്യൂറൽ ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ചിത്രകാരൻ എന്നതിലുപരി ശില്പി, അഭിനേതാവ്, പരിസ്ഥിതി പ്രവർത്തകൻ, ലോകസഞ്ചാരി എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കെ ആർ സി തായന്നൂർ. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ പ്രകാശനംചെയ്ത ഔദ്യോഗിക ബ്രോഷറോടെയാണ് ഈ ചിത്രപ്രദർശനത്തിന്റെ തുടക്കം കുറിച്ചത്.ആദ്യ കാലങ്ങളിൽ കോൺക്രീറ്റിൽ ശില്പങ്ങൾ തീർത്തിരുന്ന അദ്ദേഹം പിന്നീട് കളിമണ്ണ്, മരം, മണൽ, വേരുകൾ, മരപ്പൊടി തുടങ്ങിയവയിലേക്ക് ശില്പചാതുര്യം വ്യാപിപ്പിച്ചു. ഗണപതി, പറശ്ശിനിക്കടവ് മുത്തപ്പൻ, ശ്രീകൃഷ്ണൻ, സരസ്വതീ ദേവി, യേശുക്രിസ്തു, ശ്രീബുദ്ധൻ, ഗാന്ധിജി എന്നിവരുടെയെല്ലാം ജീവൻ തുടിയ്ക്കുന്ന ശില്പങ്ങൾ അദ്ദേഹത്തിന്റെ കരവിരുതിൽ പിറവിയെടുത്തിട്ടുണ്ട്. തായന്നൂരിൽ ഇന്ദിരാഗാന്ധിയുടെ അർധകായ പ്രതിമ ഏറെ ശ്രദ്ധേയമായിരുന്നു. ആകൃതി സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനത്തിൽ മൂന്ന് മുതൽ 70 വയസ്സുവരെയുള്ളവർ വിദ്യാർഥികളായുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. 2021ലെ ഗിന്നസ് വേൾഡ് റെക്കോർഡ്, 2019ലെ അഗ്നിപഥ് അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നിരവധി പ്രദർശനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. പുണെയിലെ വർണയാത്രയ്ക്ക് ശേഷം 2027-ൽ യുഎഇയിലും, തുടർന്ന് പാരീസിലും ചിത്രപ്രദർശനം എത്തിക്കണമെന്നാണ് ഈ കലാകാരന്റെ സ്വപ്നം.
No comments