Breaking News

വീട്ടിൽ വിരുന്നെത്തി എരണ്ട ‘കുടുംബം’; വെള്ളവും ഭക്ഷണവും നൽകി സ്വീകരിച്ചു വീട്ടുകാർ...


ബോവിക്കാനം : അമ്മച്ചിറകിന്റെ ചൂടിൽ നിന്നു ചൂളമടിച്ചു പറക്കാനൊരുങ്ങി എരണ്ടക്കുഞ്ഞുങ്ങൾ. ബോവിക്കാനത്തെ ഭരണി അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടിലാണ് ചൂളൻ എരണ്ട പക്ഷികൾ വന്നത്. വെള്ളിയാഴ്ച രാവിലെയാണ് രണ്ടു വലിയ ചൂളൻ എരണ്ട പക്ഷികളും 11 കുഞ്ഞുങ്ങളും വീട്ടുമുറ്റത്തേക്കു എത്തിയത്. വീട്ടുകാർ പക്ഷികൾക്കു ഗോതമ്പ് മണികൾ ഇട്ടുകൊടുത്തു. ആൺ പക്ഷി ഇടയ്ക്ക പറന്നുപോകുമെങ്കിലും കുറച്ചു കഴിഞ്ഞ് തിരികെ എത്തും. വീട്ടുകാർ വെള്ളം നിറച്ചു നൽകിയ പാത്രത്തിൽ അമ്മ പക്ഷിയും കുഞ്ഞുങ്ങളും നീന്തിത്തുടിച്ചു.

ജലാശയങ്ങൾക്കും പാടശേഖരങ്ങൾക്കും സമീപത്തായി കാണപ്പെടുന്ന എരണ്ടകൾ ഇപ്പോൾ കൗതുകക്കാഴ്ചയാണ്. ജലാശയങ്ങൾക്കു സമീപത്തെ തെങ്ങിന്റെ പൊത്തുകളിലാണ് ഇവ സാധാരണയായി മുട്ടയിടാറുള്ളത്. എന്നാൽ മഴക്കാലത്ത് ചെങ്കൽ പ്രദേശങ്ങളിലെ പള്ളങ്ങൾക്കു സമീപത്തും ഇവ താമസിക്കാറുണ്ട്. ബോവിക്കാനത്തിന്റെ സമീപത്ത് ഇത്തരം പള്ളങ്ങൾ ഒട്ടേറെയുണ്ട്. മുട്ടയിട്ട തെങ്ങിന് കേടുപറ്റിയതിനാലാവാം ഇവ നാട്ടിലിറങ്ങാൻ കാരണമെന്നാണു നിഗമനം, തെരുവുനായ്ക്കളെ പേടിച്ച് വീട്ടിലേക്കു കയറിയതാകാനും സാധ്യതയുണ്ട്.


No comments