Breaking News

നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും കവർച്ച പതിവാക്കിയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു

പയ്യന്നൂർ: നിർത്തിയിട്ട വാഹനങ്ങളിൽ നിന്നു കവർച്ച പതിവാക്കിയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു. മാലൂർ, ശിവപുരം സലീന മൻസിലിലെ വി.സി ഹാരിസി(47)നെയാണ് കണ്ണൂർ എസിപി എംപി ആസാദിന്റെ മേൽനോട്ടത്തിൽ വളപട്ടണം എസ്ഐ വിപിനും സംഘവും അറസ്റ്റ് ചെയ്തത്.
പുതിയതെരുവിൽ നിർത്തിയിട്ട വാഹനത്തിൽനിന്ന് 1.20 ലക്ഷം രൂപയും ലാപ്ടോപ്പും കവർന്ന കേസിലാണ് ഹാരിസ് കുടുങ്ങിയത്.
ആഗസ്ത് 23ന് രാവിലെ 11 മണിയോടെയാണ് കവർച്ച നടന്നത്. കടകളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനത്തിൽനിന്നാണ് പണവും ലാപ്ടോപ്പും തട്ടിയെടുത്തത്. പുതിയതെരു സ്റ്റൈലോ കോർണറിൽ വാഹനം നിർത്തിയിട്ട് ഡെലിവറി ബോയ് സാധനങ്ങളുമായി കടയിൽ പോയതായിരുന്നു. തിരിച്ചെത്തുമ്പോഴേക്കും ലാപ്ടോപ്പ് അടങ്ങിയ ബാഗും പണവും നഷ്ടപ്പെടുകയായിരുന്നു.ഡെലിവറി ബോയ് കണ്ണൂർ ആയിക്കരയിലെ ജമീർ ജമാലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചപ്പോൾ ലഭിച്ച ദൃശ്യങ്ങളിൽ ഒന്ന് മുഖപരിചയമുള്ള ആളുടേതാണെന്ന് എസ്.ഐക്ക് സംശയം തോന്നി. ഓർമ്മയിൽ ചികഞ്ഞപ്പോൾ അദേഹം കൂത്തുപറമ്പ് എസ്.ഐയായിരുന്നപ്പോൾ ടൗണിലെ കൃഷ്ണ കോക്കനട്ട് ഓയിൽ എന്ന കടയിൽ നിന്ന് 2025 നവംബർ 11ന് കവർച്ച നടത്തിയ കേസിൽ പിടികൂടിയ വ്യക്തിയാണെന്ന് മനസിലായി. അന്ന് കടയിലെത്തി വെളിച്ചെണ്ണ ആവശ്യപ്പെട്ട ഇയാൾ കന്നാസിൽ തന്നെ എണ്ണ ലഭിക്കണമെന്ന് നിർബന്ധം പിടിച്ചിരുന്നു.തുടർന്ന് ഉടമ കന്നാസ് വാങ്ങിക്കാൻ സമീപത്തെ കടയിലേക്ക് പോയപ്പോൾ അരലക്ഷം രൂപ തട്ടിയെടുത്ത് ഇയാൾ മുങ്ങുകയായിരുന്നു. സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 24 മണിക്കൂറിനകം അന്ന് ഹാരിസിനെ ടി.എം. വിപിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. അയാൾ തന്നെയാണ് പുതിയതെരുവിലെ തട്ടിപ്പിന് പിറകിലും എന്ന് വ്യക്തമായതോടെ ഹാരിസിന്റെ തലശേരിയിലുള്ള സുഹൃത്തിനെ എസ്.ഐ ബന്ധപ്പെട്ടു. കൂത്തുപറമ്പിലെ തട്ടിപ്പിൽ ഈ സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഹാരിസിനെ കുടുക്കിയത്. തലശേരി പപ്പന്റെ പീടികയിൽ ഹാരിസ് മുറിയെടുത്ത് താമസിക്കുന്നുണ്ടെന്ന് പൊലീസ് മനസിലാക്കി. തലശേരിയിൽ കവർച്ച നടത്താനുള്ള പദ്ധതിയുമായാണ് പപ്പന്റെ പീടികയിൽ മുറിയെടുത്തതെന്ന് കരുതുന്നു. പൊലീസ് സംഘം അവിടെയെത്തി ഹാരിസിനെ പിടികൂടി ഇന്ന് (ബുധൻ)രാവിലെ വളപട്ടണത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പകൽമാത്രം കവർച്ച നടത്തുന്ന വ്യക്തിയാണ് ഹാരിസ്. ഡെലിവറി വാഹനങ്ങൾ ലക്ഷ്യമിട്ടാണ് കവർച്ച നടത്താറുള്ളത്. ഡെലിവറി ബോയ് സാധനങ്ങളുമായി കടകളിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടാലുടൻ നിമിഷങ്ങൾക്കൊണ്ട് കവർച്ച നടത്തും. കടകളിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനയെത്തിയും പെട്ടെന്ന് കവർച്ച നടത്തുന്നതിൽ വിദഗ്ധനാണ് ഹാരിസ്. സംസ്ഥാനത്തും കർണാടകയിലുമായി ആറോളം സമാന കേസുകളിൽ പ്രതിയാണ് ഹാരിസെന്നു പൊലിസ്
പറഞ്ഞു.

No comments