ജില്ലയിലെ വനാതിർത്തി പ്രദേശങ്ങൾ കൂടുതൽ സുരക്ഷിതമാക്കണം: കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലെ വനാതിർത്തി പ്രദേശങ്ങൾ കൂടുതൽ സുരക്ഷിതമാക്കുകയും വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ സാന്നിധ്യത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വിളിച്ചുചേർത്ത വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്. ഇത്തരമൊരു യോഗം വിളിച്ചുചേർത്ത മന്ത്രിയെ അഭിനന്ദിക്കുന്നതായും യോഗത്തിൽ അറിയിച്ചു.
കുറ്റിക്കോൽ, പനത്തടി, കോടോം-ബേളൂർ, കള്ളാർ, ഈസ്റ്റ് എളേരി, മുളിയാർ, ബളാൽ, ചെറുപുഴ തുടങ്ങിയ വനാതിർത്തി പ്രദേശങ്ങളിലെ മനുഷ്യ–വന്യജീവി സംഘർഷമാണ് പ്രധാനമായും ചർച്ച ചെയ്തത്. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ്, മയിൽ തുടങ്ങിയവയുടെ ശല്യം രൂക്ഷമാണെന്നും പുലി ഭീഷണിയും നിലനിൽക്കുന്നുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
വനാതിർത്തിയിലെ ബാക്കിയുള്ള മുഴുവൻ ഭാഗങ്ങളിലും സോളാർ ഫെൻസിങ് പൂർത്തിയാക്കണമെന്നും കേടായ വേലികൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടു. ഓരോ കിലോമീറ്ററിനും ഒരാളെ വീതം സോളാർ ഫെൻസിങ് പരിപാലനത്തിന് നിയമിക്കുകയും നിലവിലെ പ്രതിമാസ വേതനം 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുകയും വേണം. ഗ്രാമപഞ്ചായത്തുകൾ വിഹിതം നൽകാൻ തയ്യാറാണെന്നും അറിയിച്ചു.
സോളാർ വേലികൾ സ്മാർട്ട് ഫെൻസിങ് സംവിധാനത്തിലേക്ക് മാറ്റുകയും റിയൽടൈം മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തുകയും വേണം. വനാതിർത്തി നിരീക്ഷണത്തിനും വേലി പരിപാലന ഏകോപനത്തിനുമായി സ്ഥിരമായി ഫോറസ്റ്റ് ഗാർഡിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
No comments