Breaking News

തിയറ്റര്‍ കളക്ഷനിൽ കത്തിക്കയറി രവി തേജ; 200 കോടി ക്ലബ്ബിൽ 'ഇരുമുടി'


രവി തേജ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഇരുമുടിയുടെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്. 200 കോടിയിലധികം രൂപയാണ് ഇതിനകം ചിത്രം നേടിയിരിക്കുന്നത്. ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഇരുമുടി, രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രം കൂടിയാണ്. ശിവ നിർവാണയാണ് സംവിധാനം.

മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് 'ഇരുമുടി' എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിച്ചിരുന്നത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തുന്ന രവി തേജ കഥാപാത്രം, ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്.

ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും രവി തേജ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചിരുന്നു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം 'ഇരുമുടി' എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

No comments