Breaking News

എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലെ പ്രവേശനകവാടത്തിന് അപാകത; പരിഹരിക്കുമെന്ന് പഞ്ചായത്ത്


എണ്ണപ്പാറ: കോടോം-ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലേക്കുള്ള പ്രവേശനകവാടം വിവാദത്തിൽ. ആംബുലൻസ്, ഫയർ എഞ്ചിൻ ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾക്ക് പ്രവേശനത്തിൽ തടസ്സമുണ്ടാകുന്ന തരത്തിലാണ് കമാനം നിർമ്മിച്ചിരിക്കുന്നതെന്ന നാട്ടുകാരുടെ പരാതിയാണ് വിവാദത്തിന് വഴിവെച്ചത്.

നിർമ്മാണത്തിലെ അപാകതകൾ പരിശോധിച്ച് ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ജയചന്ദ്രൻ വ്യക്തമാക്കി.

കുടുംബാരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്ന 15-ാം വാർഡിൽ 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചുറ്റുമതിലും പ്രവേശനകമാനവും നിർമ്മിച്ചത്. എന്നാൽ നിലവിലെ ഭരണസമിതി അധികാരത്തിലെത്തുന്നതിന് മുമ്പുതന്നെ കരാർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

കമാനത്തിൻ്റെ ഉയരം സംബന്ധിച്ച് നടത്തിയ പരിശോധനയിൽ എസ്റ്റിമേറ്റിൽ നിശ്ചയിച്ച 3.30 മീറ്ററിനേക്കാൾ ഏകദേശം 20 സെൻറിമീറ്റർ കുറവാണ് നിർമ്മാണത്തിലുണ്ടായതെന്ന് കണ്ടെത്തിയതായി പ്രസിഡൻറ് വ്യക്തമാക്കി. കമാനത്തിന് മുകളിലൂടെ ത്രീഫേസ് വൈദ്യുതി ലൈൻ കടന്നുപോകുന്നതിനാലാണ് ഉയരം കുറച്ചതെന്നാണ് ബന്ധപ്പെട്ടവരിൽനിന്ന് ലഭിച്ച വിശദീകരണം.

പുതിയ കെട്ടിടത്തിലേക്ക് കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പ്രവർത്തനം മാറ്റിയതോടെയാണ് പ്രവേശനകവാടവുമായി ബന്ധപ്പെട്ട പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. മരുന്നുമായി എത്തിയ വാഹനത്തിന് കമാനത്തിനടിയിലൂടെ കടന്നുപോകാൻ തടസ്സമുണ്ടായെങ്കിലും താഴ്ഭാഗത്ത് സ്ഥാപിച്ചിരുന്ന ആരോഗ്യകേന്ദ്രത്തിൻ്റെ ബോർഡിനുള്ള ഭാഗമാണ് പ്രധാനമായും തടസ്സമായതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ഈ ഭാഗം പൊളിച്ചുനീക്കിയതോടെ വാഹനം പ്രവേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കമാനത്തിൻ്റെ ഉയരവും അതിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനും സംബന്ധിച്ച വിഷയം പഞ്ചായത്ത് പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കിൽ നിലവിലെ കമാനം പൂർണമായും പൊളിച്ചുമാറ്റി കൂടുതൽ അകത്തേക്ക് മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു.

കമാനം റോഡിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തും.നിർമ്മാണ പ്രവൃത്തിയുടെ ബിൽ കരാറുകാരന് ഇതുവരെ അനുവദിച്ചിട്ടില്ലെന്നും പ്രശ്നങ്ങൾ പരിഹരിച്ചശേഷം മാത്രമേ ബിൽ അനുവദിക്കുകയുള്ളൂവെന്നും പഞ്ചായത്ത് പ്രസിഡൻറ് വ്യക്തമാക്കി.



No comments