കമ്പല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാന ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം
ചിറ്റാരിക്കാൽ : 2025-26 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബെസ്റ്റ് സ്കൂൾ പെർഫോമൻസ് അവാർഡ് കമ്പല്ലൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് ലഭിച്ചു.14 ജില്ലകളിലെ മറ്റു വിദ്യാലയങ്ങളെ പിന്തള്ളിയാണ് കമ്പല്ലൂർ മികവിൽ രണ്ടാമതെത്തിയത്.
പാഠ്യ,പാഠ്യേതര രംഗങ്ങളിലെ മികവുകളാണ് കമ്പല്ലൂർ സ്കൂളിന്റെ നേട്ടത്തിന് പിന്നിലുള്ളത്. സ്‌കൂളിന്
ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വർഷങ്ങൾക്കു മുമ്പ് സംസ്ഥാനതലത്തിൽ പുരസ്കാരം ലഭിച്ചിരുന്നു.
15 വർഷങ്ങളായി തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിലെ 100% വിജയം,ഓരോ വർഷവും വർദ്ധിച്ചുവരുന്ന ഫുൾഎ പ്ലസുകൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ ജില്ലയിലെ മികച്ച വിജയം,എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 31 പ്രതിഭകൾ, പ്ലസ് വൺ പരീക്ഷയിലെ മികവാർന്ന വിജയം, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് തുടങ്ങിയ മത്സരപരീക്ഷകളിലെ തുടർച്ചയായ മികവുറ്റ നേട്ടങ്ങൾ എന്നിവ അക്കാദമിക രംഗത്തെ മികവുകളെ പിന്തുണയ്ക്കുന്നു.
കേരള സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞവർഷം ചിറ്റാരിക്കൽ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, കാസർഗോഡ് റവന്യൂ ജില്ലയിൽ ഹയർ സെക്കന്ററി ചാമ്പ്യൻഷിപ്പ്, ശാസ്ത്രോത്സവത്തിൽ ചിറ്റാരിക്കൽ ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ് , ഗണിതശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ ഹയർ സെക്കന്ററി വിഭാഗത്തിലെ ചാമ്പ്യൻഷിപ്പുകൾ, കായികരംഗത്ത് വിവിധ മത്സരങ്ങളിൽ കൈവരിച്ച തിളക്കമാർന്ന നേട്ടങ്ങൾ,സംസ്ഥാനതല മത്സരങ്ങളിലെ പങ്കാളിത്തവും ഗ്രേഡുകളും എല്ലാം വിദ്യാലയത്തിന്റെ സർവ്വമുഖമായ നേട്ടങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രം.കഴിഞ്ഞ മൂന്നു വർഷങ്ങളിൽ റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി ഭാഗത്തിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ നേടാൻ കഴിഞ്ഞത് എടുത്തു പറയേണ്ട നേട്ടമാണ്.
കായികരംഗത്ത് സുബ്രതോ കപ്പ് ഫുട്ബോൾ മത്സരങ്ങളിലും വോളിബോളിലും ഉപജില്ല,ജില്ലാതലങ്ങളിൽ മികച്ച വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന സെപ്റ്റ് ഫുട്ബോൾ കോച്ചിംഗ് സെൻറർ കായികരംഗത്ത് പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ മികച്ച സംഭാവനകൾ നൽകിവരുന്നു. സംസ്ഥാനതല സെപ്റ്റ് ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടാനായത് മികച്ച വിജയമാണ്.
ക്ലീൻ കമ്പല്ലൂർ പദ്ധതി, മഴവെള്ള കൊയ്ത്ത് സർവ്വേ മുതലായവ വിദ്യാലയവും സമൂഹവും തമ്മിൽ നേതൃത്വം ദൃഢമായ ബന്ധത്തിന്റെ ഉദാഹരണങ്ങളാണ്.
ഒരോ വർഷവും വിദ്യാലയത്തിലേക്ക് പുതുതായി കുട്ടികൾ എത്തിച്ചേരുന്നത് വൻതോതിൽ വർദ്ധിച്ചുവരുന്നുണ്ട്.
കുട്ടികൾ ഉൾപ്പെട്ട വിവിധ കൂട്ടായ്മകൾ, എൻ എസ് എസ്, എസ് പി സി, റോവർ സ്കൗട്ട്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻ സംവിധാനം, കൗൺസിലിംഗ് യൂണിറ്റ് എന്നിവയും ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെടുന്നതിൽ സുപ്രധാന ഘടകങ്ങളായി മാറി. കുട്ടികളുടെ സാഹിത്യ സംവാദങ്ങൾ, ഒരു കഥ പറയാം, എഴുത്തുകാരുമായി മുഖാമുഖം എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്.അധ്യാപക രക്ഷാകർതൃ സമിതി, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, മദർ പിടിഎ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, സ്കൂൾ ജാഗ്രത സമിതി എന്നിവയുടെ പ്രവർത്തനങ്ങളും വിദ്യാലയത്തിന്റെ നേട്ടത്തിനു പിന്നിലെ ചാലക ശക്തി. ഭൗതിക സാഹചര്യങ്ങളിൽ വിദ്യാലയത്തിലെ കെട്ടിടസൗകര്യം, മികച്ച ലാബുകൾ, ജില്ലയ്ക്കാകെ മാതൃകയായ ജിയോ ലാബ്, കേരളത്തിൽ ആകെയുള്ള 5 റിയാലിറ്റി ലാബുകളിൽ ഒന്ന്, മാത്സ് ഐടി ലാബുകൾ, പിടിഎ തനതായി നടപ്പിലാക്കിയ നിരവധി വികസന പ്രവർത്തനങ്ങൾ എന്നിവയും പുരസ്കാരം നേട്ടത്തിലെ പ്രധാന നാഴികക്കല്ലുകളാണ്.
No comments